വാഷിംഗ്ടൺ: ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25ഉം അലുമിനിയത്തിനു പത്തും ശതമാനം ചുങ്കം ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. അയൽരാജ്യങ്ങളായ കാനഡയിലും മെക്സിക്കോയിലും നിന്നുള്ള ഇറക്കുമതിക്ക് ഈ ചുങ്കത്തിൽനിന്ന് ഒഴിവുണ്ട്. ഓസ്ട്രേലിയ അടക്കം ചില മിത്രരാജ്യങ്ങൾക്കുകൂടി ഒഴിവ് ലഭിക്കുമെന്നു ട്രംപ് സൂചിപ്പിച്ചു.
ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, യൂറോപ്യൻ യൂണിയൻ തുടങ്ങി അമേരിക്കയിലേക്കു വലിയ കയറ്റുമതിയുള്ള രാജ്യങ്ങൾ ഉത്തരവിൽ പ്രതിഷേധിച്ചു. ബദൽ നടപടികൾ ഉണ്ടാകുമെന്നു ചൈനയും യൂറോപ്യൻ യൂണിയനും ജപ്പാനും പറഞ്ഞു.
തൊണ്ണൂറു ദിവസത്തിനകം യൂറോപ്യൻ യൂണിയനെ അധികച്ചുങ്കത്തിൽനിന്ന് ഒഴിവാക്കുന്നില്ലെങ്കിൽ അമേരിക്കൻ ഉത്പന്നങ്ങൾക്കു പിഴച്ചുങ്കം ചുമത്തുമെന്നു യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നല്കി. ട്രംപിന്റെ തീരുമാനത്തിൽ ജർമൻ ചാൻസലർ ആംഗല മെർക്കൽ ആശങ്ക പ്രകടിപ്പിച്ചു.
ലോകവ്യാപാരസംഘടന (ഡബ്ല്യുടിഒ)യിൽ പരാതിപ്പെടുമെന്ന് ദക്ഷിണകൊറിയ അറിയിച്ചു. ഇന്ത്യ ഔപചാരികമായി പ്രതികരിച്ചില്ല. ഇന്ത്യയിൽനിന്നുള്ള സ്റ്റീൽ കയറ്റുമതിക്കും ചുങ്കം കൂടും. 15 ദിവസം കഴിഞ്ഞേ ചുങ്കം പ്രാബല്യത്തിലാകൂ. വിശദമായ വിജ്ഞാപനം വരും ദിവസങ്ങളിൽ ഇറങ്ങും.
വാണിജ്യയുദ്ധം
ട്രംപ് കഴിഞ്ഞയാഴ്ച ഇതേപ്പറ്റി പറഞ്ഞപ്പോൾ തന്നെ വാണിജ്യയുദ്ധത്തിലേക്കാണു കാര്യങ്ങൾ എന്നു വ്യക്തമായിരുന്നു. വരുംദിവസങ്ങളിൽ മറ്റു രാജ്യങ്ങൾ അമേരിക്കൻ ഉത്പന്നങ്ങൾക്കു ചുങ്കം കൂട്ടുമെന്ന് സൂചന ഉണ്ടായിക്കഴിഞ്ഞു.
വാണിജ്യയുദ്ധങ്ങളിൽ ആരും വിജയിക്കില്ലെന്നാണു ചരിത്രപാഠമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ട്രംപ് പറയുന്നത് വാണിജ്യയുദ്ധം ജയിക്കാൻ വളരെ എളുപ്പമാണെന്നാണ്.