92 കാരിയായ രാജ്ഞിയെ വെയിലത്ത് നിര്‍ത്തിയതിന് പുറമേ രാജ്ഞിയുടെ മുമ്പില്‍ കയറി നടക്കുകയും ചെയ്തു! അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വിമര്‍ശനം ശക്തം

ഏത് രാജ്യത്താണെങ്കിലും ഏത് ദേശത്താണെങ്കിലും ഏത് സ്ഥാനത്താണെങ്കിലും പാലിക്കേണ്ട ചില മര്യാദകളുണ്ട്. അക്കൂട്ടത്തിലൊന്നാണ് പ്രായത്തില്‍ മുതിര്‍ന്നവരെ ബഹുമാനിക്കുക എന്നത്. അധികാരികളുടെ കാര്യമെത്തുമ്പോള്‍ അത് പ്രോട്ടോക്കോളിന്റെ ഭാഗമായി മാറും.

പ്രഗത്ഭരായ നേതാക്കള്‍ അത്തരം പ്രോട്ടോക്കോളുകള്‍ ചെറുതായെങ്കിലും തെറ്റിച്ചാല്‍ അത് ലോകശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിലെ പ്രോട്ടോക്കോള്‍ ലംഘനമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇത്തരത്തില്‍ ലംഘനം നടന്നത്.

92 കാരിയായ രാജ്ഞിയെ കുറച്ചുസമയം വെയിലത്ത് നിര്‍ത്തിയതും തുടര്‍ന്ന് വന്ന ട്രംപ് രാജ്ഞിയെ തല കുനിച്ച് ആദരവ് പ്രകടിപ്പിക്കുന്നതിന് പകരം ഹസ്തദാനം നല്‍കിയതും വിമര്‍ശനത്തിന് ഇടയാക്കി. ട്രംപിന് പിന്നാലെ മെലാനിയ ട്രംപും ഹസ്ത ദാനത്തിലൂടെയാണ് ആദരവ് പ്രകടിപ്പിച്ചത്.

ഇതേത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇതിന് പുറമെ ഗാഡ് ഓഫ് ഹോണര്‍ സ്വീകരിക്കുന്നതിന് രാജ്ഞിയുടെ മുന്നില്‍ കയറി നടന്നതും വലിയ രീതിയിലുള്ള വിമര്‍ശനത്തിന് ഇരയാക്കിയിട്ടുണ്ട്. ഇതോടെ ട്രംപിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനം പൂര്‍ണമായും വിമര്‍ശനങ്ങള്‍ക്ക് ഇരയായി.

Related posts