ന്യൂയോർക്ക്: മാനഭംഗക്കേസിലും മാനനഷ്ടക്കേസിലും മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു കുരുക്ക്. എഴുത്തുകാരിയായ ഇ. ജീൻ കാരൾ നൽകിയ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് മാൻഹട്ടൺ കോടതി കണ്ടെത്തി.
ട്രംപ് ലൈംഗിക ചൂഷണം നടത്തിയെന്നു തെളിഞ്ഞതായി ജൂറി വ്യക്തമാക്കി. രണ്ടു കേസുകളിലായി ട്രംപ് അഞ്ച് മില്യൺ ഡോളർ (50 ലക്ഷം) നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
1990-കളുടെ മധ്യത്തിൽ മാൻഹട്ടണിലെ ബർഗ്ഡോർഫ് ഗുഡ്മാൻ അപ്പാർട്ട്മെന്റ് സ്റ്റോറിലെ വസ്ത്രംമാറുന്ന മുറിയിൽ ട്രംപ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് ജീന്‍ കരോളിന്റെ പരാതി. പേടി കാരണമാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്.
പൊതുമധ്യത്തിൽ ട്രംപ് തന്നെ അപകീർത്തിപ്പെടുത്താനാണു ശ്രമിച്ചതെന്ന് എല്ലെ മാഗസിന്റ് മുൻ കോളമിസ്റ്റായ കാരൾ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ ട്രംപ് പൂര്‍ണമായി നിഷേധിച്ചുവെങ്കിലും ലൈംഗിക ചൂഷണം നടന്നെന്ന് കോടതിക്കു ബോധ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ 10 ദിവസങ്ങളായി മാൻഹാട്ടനിലെ ഫെഡറൽ കോടതിയില്‍ കേസിന്റെ വിചാരണ നടക്കുകയായിരുന്നു. ഒമ്പതംഗ ബെഞ്ചാണ് ഡോണൾഡ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും ജീൻ കാരള്‍ ലൈംഗികമായി ചൂക്ഷണം ചെയ്യപ്പെട്ടു എന്ന് ജൂറി കണ്ടെത്തി. ഈ കേസിൽ രണ്ട് മില്യണ്‍ ഡോളറും മാനനഷ്ടക്കേസിൽ മൂന്നു മില്യണ്‍ ഡോളറും ട്രംപ് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി.
സത്യം ജയിച്ചെന്ന് ജീൻ കാരൾ പ്രതികരിച്ചു. അതേസമയം, വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു.