വാഷിംഗ്ടൺ/ന്യൂഡൽഹി: വ്യാപാരത്തിൽ ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചു. അമേരിക്കൻ സാധനങ്ങൾ പലതിനും ഇന്ത്യ വിലക്ക് തുടരുന്നതും ഉയർന്ന ചുങ്കം ഈടാക്കുന്നതുമാണു കാരണം.
യുഎസ് നടപടി ഇന്ത്യയെ സാരമായി ബാധിക്കുകയില്ലെന്ന് ഇന്ത്യൻ വാണിജ്യ സെക്രട്ടറി അനൂപ് വാധവാൻ പറഞ്ഞു. 2017ൽ ഇന്ത്യ അമേരിക്കയിലേക്ക് 4520 കോടി ഡോളറി(3,16,400 കോടി രൂപ)നുള്ള സാധനങ്ങൾ കയറ്റുമതി ചെയ്തു. ഇതിൽ 558 കോടി ഡോളറി(39,060 കോടി രൂപ)നുള്ള സാധനങ്ങളാണു പ്രത്യേക പരിഗണന ലഭിച്ചവ. ഇവയ്ക്കു മൊത്തം 19 കോടി ഡോളറി(1,330 കോടി രൂപ)നുള്ള ചുങ്കം ഇളവ് ലഭിച്ചു.
ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രഫറൻസ് (ജിഎസ്പി) എന്നറിയപ്പെടുന്ന പരിഗണനയാണ് ഇന്ത്യക്കു ലഭിച്ചിരുന്നത്. വികസ്വര രാജ്യം എന്നതായിരുന്നു പരിഗണനയ്ക്കു കാരണം. ഈ പരിഗണന ഏറ്റവും കൂടുതൽ ലഭിക്കുന്നതും ഇന്ത്യക്കാണ്. വാഹനഭാഗങ്ങൾ, തുണിത്തരങ്ങൾ, രാസവസ്തുക്കൾ തുടങ്ങി 2000 ഇനം സാധനങ്ങൾക്കാണ് ഇതുവഴി ചുങ്കം കുറഞ്ഞിരുന്നത്.
അമേരിക്കയും ഇന്ത്യയുമായി വ്യാപാരത്തർക്കം തീർക്കാൻ ഒരുവർഷത്തിലേറെയായി ചർച്ച നടന്നുവരികയാണ്. ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ ചുങ്കം കുറച്ചത് ഇതേത്തുടർന്നാണ്.
കീറാമുട്ടികൾ രണ്ട്
ഇന്ത്യ-അമേരിക്ക വ്യാപാരത്തർക്കത്തിൽ രണ്ടു വലിയ കീറാമുട്ടികളാണുള്ളത്. സ്റ്റെന്റ് അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങളുടെയും കൃത്രിമ മുട്ടുകളുടെയും വിലയാണ് ഒന്ന്. രണ്ടാമത്തേത് അമേരിക്കൻ ക്ഷീര ഉത്പന്നങ്ങൾക്കുള്ള വിലക്ക്.
സ്റ്റെന്റിനും മുട്ടിനും മറ്റും ഇന്ത്യ വിലനിയന്ത്രണം ഏർപ്പെടുത്തിയത് അമേരിക്കൻ കന്പനികൾക്കു വലിയ നഷ്ടം ഉണ്ടാക്കുന്നു. ഇവയിൽ പലതിനും വില ഏഴിലൊന്നായിട്ടാണ് ഇന്ത്യ കുറച്ചത്. ഒരു ജനകീയ തീരുമാനമായതുകൊണ്ടു പിൻവലിക്കാൻ ഗവൺമെന്റ് തയാറില്ല.
അമേരിക്കയിലെ പശുക്കൾക്കു മാംസഘടകങ്ങൾ കലർന്ന കാലിത്തീറ്റ കൊടുക്കാറുണ്ട്. ‘നോൺ വെജ്’ കഴിച്ച പശുവിന്റെ പാലിൽനിന്നുള്ള ഉത്പന്നങ്ങൾ ഇന്ത്യയിൽ ഭൂരിപക്ഷം പേരുടെയും വിശ്വാസത്തിനു ചേരാത്തതാണെന്നു ഗവൺമെന്റ് പറയുന്നു. നോൺവെജ് ഇല്ലെന്നു സർട്ടിഫൈ ചെയ്താൽ ഇറക്കുമതി ചെയ്യാമെന്നാണു സർക്കാർ നിലപാട്.
തുർക്കിക്കും ഇളവില്ല
ജിഎസ്പി പ്രകാരമുള്ള ചുങ്കം ഇളവ് തുർക്കിക്കും ഇനി നല്കില്ലെന്നു ട്രംപ് അറിയിച്ചു. തുർക്കി വികസ്വര രാജ്യമല്ല, വികസിത രാജ്യമാണെന്നാണു ട്രംപിന്റെ വിലയിരുത്തൽ.ട്രംപ് പ്രഖ്യാപിച്ച നിരോധനം 60 ദിവസം കഴിഞ്ഞേ പ്രാബല്യത്തിലാകൂ.