വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് ഇറാനിൽനിന്ന് വധഭീഷണി ഉണ്ടെന്ന് ഇന്റലിജന്റ്സ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ട്രംപിന്റെ ജീവൻ നിലവിൽ അപകടത്തിലാണെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇറാന്റെ ഭീഷണി വർധിച്ചുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ട്രംപിനെ സംരക്ഷിക്കാനും തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനും യുഎസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്നും ട്രംപിന്റെ സംഘം പ്രതികരിച്ചു.
അമേരിക്കൻ കാര്യങ്ങളിൽ ഇടപെടുമെന്ന അമേരിക്കൻ അവകാശവാദം ഇറാൻ നേരത്തെ നിഷേധിച്ചിരുന്നു. അടുത്ത കാലത്തായി ട്രംപിനെതിരേ രണ്ടുതവണ വധശ്രമം നടന്നിരുന്നു. പെൻസിൽവാനിയയിൽ നടന്ന ആദ്യത്തെ ആക്രമണത്തിൽ ട്രംപിന്റെ ചെവിക്ക് പരിക്കേറ്റിരുന്നു.
അതേസമയം, നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായ കമല ഹാരിസിനോടു തോറ്റാൽ ഇനിയൊരു തവണ കൂടി മത്സരിക്കില്ലെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. 2016നും 2020 നും ശേഷം ഇതു മൂന്നാം തവണയാണ് ട്രംപ് (78) റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകുന്നത്.