വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. 197നെതിരേ 229 പേരുടെ പിന്തുണയോടെയാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. അമേരിക്കൻ പ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡൻറാണ് ട്രംപ്. മണിക്കൂറുകൾ നീണ്ട വിശദമായ ചർച്ചകൾക്കൊടുവിലാണ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ ജനപ്രതിനിധി സഭ തീരുമാനിച്ചത്.
ജനപ്രതിനിധി സഭയിൽ പ്രമേയങ്ങൾ പാസായതോടെ അത് ഇനി സെനറ്റിൽ വിചാരണ നടത്തും. റിപ്പബ്ലിക്കൻ പാർട്ടിക്കാണ് സെനറ്റിൽ ഭൂരിപക്ഷം. അതിനാൽ ട്രംപിനു ഭരണത്തിൽ തുടരാനാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.
അടുത്ത പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എതിരാളിയാവാൻ സാധ്യതയുള്ള ഡെമോക്രാറ്റ് നേതാവും മുൻ വൈസ്പ്രസിഡൻറുമായ ജോ ബൈഡനെതിരേ അന്വേഷണത്തിന് യുക്രെയ്ൻ പ്രസിഡൻറിന്റെ മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണമാണ് ട്രംപിനെതിരേയുള്ള ഇംപീച്ച്മെൻറ് അന്വേഷണത്തിലേക്കു നീങ്ങിയത്.
ബൈഡനെ താറടിക്കാനായി അധികാര ദുർവിനിയോഗം നടത്തുകയാണു ട്രംപ് ചെയ്തതെന്നാണ് ആരോപണം. ഇതേക്കുറിച്ച് ജനപ്രതിനിധിസഭാ കമ്മിറ്റി നടത്തിയ അന്വേഷണം തടസ്സപ്പെടുത്താൻ ട്രംപ് ശ്രമിച്ചുവെന്നതാണ് മറ്റൊരു കുറ്റം.
നേരത്തേ , ജനപ്രതിനിധി സഭയുടെ ജുഡീഷൽ കമ്മിറ്റി തെളിവുകൾ ഹാജരാക്കാൻ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാറ്റോ ഉച്ചകോടിക്കായി ലണ്ടനിലായിരിക്കുമെന്നതിനാൽ ഹാജരാകാനാകില്ലെന്നു പറഞ്ഞ് ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനു മുന്‍പ് രണ്ട് യുഎസ് പ്രസിഡൻറുമാർ മാത്രമാണ് ഇംപീച്ച്മെൻറിനെ നേരിട്ടിട്ടുള്ളത്. 1868 ൽ ആൻഡ്രൂ ജോണ്‍സണും 1998 ൽ ബിൽ ക്ലിൻറണും. മറ്റൊരു മുൻപ്രസിഡൻറായ റിച്ചാർഡ് നിക്സണ് ഇംപീച്ച്മെൻറിനു മുന്‍പ് രാജിവച്ചു.
തെറ്റൊന്നും ചെയ്തിട്ടില്ല: ട്രംപ്
ഇംപീച്ച്മെൻറ് പ്രമേയത്തിന്മേൽ അമേരിക്കൻ ജനപ്രതിനിധി സഭയിൽ ചർച്ചകൾ തുടരവേ രൂക്ഷ വിമർശനങ്ങളുമായി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. തന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരായ അട്ടിമറി ശ്രമങ്ങളുടെ ഭാഗമാണ് ഇംപീച്ച്മെൻറ് നീക്കമെന്ന് ട്രംപ് പറഞ്ഞു. ഇംപീച്ച്മെൻറ് നടപടികൾ ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ അടിസ്ഥാനരഹിതമാണെന്നും ട്രംപ് വ്യക്തമാക്കി.
നാണംകെട്ട സംഭവം: വൈറ്റ്ഹൗസ്
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട രാഷ്ട്രീയസംഭവങ്ങളിൽ ഒന്നാണ് ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയ നടപടിയെന്ന് വൈറ്റ്ഹൗസ് വക്താവ് സ്റ്റെഫാനി ഗ്രിഷാം വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഇംപീച്ച്മെന്റ് പ്രമേയത്തിന് ഒരു റിപ്പബ്ലിക്കൻ പ്രതിനിധിയുടെ പോലും പിന്തുണ ലഭിച്ചില്ലെന്നും ട്രംപ് തെറ്റ് ചെയ്തുവെന്നതിന് തെളിവു ഹാജരാക്കാൻ ഡെമോക്രാറ്റുകൾക്ക് സാധിച്ചില്ലെന്നും വൈറ്റ് ഹൗസ് വാർത്താക്കുറിപ്പ് ആരോപിക്കുന്നു. സെനറ്റ് തന്നെ കുറ്റവിമുക്തനാക്കുമെന്ന ആത്മവിശ്വാസം ഡേണൾഡ് ട്രംപിനുണ്ടെന്നും തുടർനടപടികൾക്ക് അദ്ദേഹം തയ്യാറെടുത്തതായും വൈറ്റ്ഹൗസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.