വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ തടയാൻ യുഎസ്-മെക്സിക്കോ അതിർത്തിയിൽ വൈദ്യുത മതിലും പാന്പും ചീങ്കണ്ണിയുമുള്ള കിടങ്ങുകളും നിർമിക്കണമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വൈറ്റ്ഹൗസ് ഉപദേഷ്ടാക്കളുമായി ട്രംപ് പങ്കുവച്ച ആശയം ന്യൂയോർക്ക് ടൈംസാണു വെളിപ്പെടുത്തിയത്.
കുടിയേറ്റക്കാരെ തടയാൻ അതിർത്തിയിൽ വൈദ്യുതീകരിച്ച മതിൽ തീർക്കണം. ഇതിൽ ശരീരം കീറിമുറിയുന്ന തരത്തിൽ കൂർത്തവസ്തുക്കൾ പതിക്കണം. അങ്ങനെ ചെയ്താൽ അതു മനുഷ്യ മാംസത്തിൽ തുളഞ്ഞുകയറും. ദക്ഷിണാതിർത്തിയിൽ കിടങ്ങുനിർമിച്ച് അതിൽ വെള്ളംനിറച്ചു പാന്പിനെയും ചീങ്കണ്ണികളെയും വളർത്തണം.
കുടിയേറ്റക്കാരെ ശ്രദ്ധയിൽപെട്ടാൽ അവരുടെ കാലിനു വെടിവയ്ക്കാനും ട്രംപ് പറഞ്ഞതായി ന്യുയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. മെക്സിക്കോയുമായുള്ള 2000 മൈൽ അതിർത്തി ഒറ്റ ദിവസത്തിനുള്ളിൽ അടയ്ക്കണമെന്നു ട്രംപ് വാശിപിടിച്ചെന്നും റിപ്പോർട്ടിലുണ്ട്.
ഒക്ടോബർ എട്ടിനു പുറത്തിറങ്ങുന്ന “ബോർഡർ വാർസ്: ഇൻസൈഡ് ട്രംപ്സ് അസോൾട്ട് ഓണ്‍ ഇമിഗ്രേഷൻ’ എന്ന പുസ്തകത്തിലെ ഭാഗങ്ങളാണു ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്. മാർച്ചിൽ വൈറ്റ് ഹൗസിൽ ട്രംപ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങളാണു പുസ്തകത്തിന്റെ ഇതിവൃത്തം. മാധ്യമപ്രവർത്തകരായ മൈക്കൽ ഷിയർ, ജൂലി ഡേവിസ് എന്നിവരാണു രചയിതാക്കൾ.
ആഭ്യന്തരസുരക്ഷാ സെക്രട്ടറി കിർസ്ജെൻ നീൽസണ്‍, വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, കസ്റ്റംസ്, അതിർത്തി സുരക്ഷാവിഭാഗം മേധാവി സ്റ്റീഫൻ മില്ലർ, ട്രംപിൻറെ മരുമകൻ ജാർദ് കുഷ്നർ തുടങ്ങിയവരാണു യോഗത്തിൽ പങ്കെടുത്തത്. കുടിയേറ്റവിഷയത്തിൽ മൃദുസമീപനം സ്വീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി നീൽസണെയും പോംപിയോയെയും ട്രംപ് ശകാരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.