ചരിത്രമാകുന്ന ട്രംപ്- കിം കൂടിക്കാഴ്ചയ്ക്ക് ഷേക്ക്ഹാന്‍ഡോടെ തുടക്കമായി! 20 ദശലക്ഷം സിംഗപ്പൂര്‍ ഡോളര്‍ ചെലവുള്ള കൂടിക്കാഴ്ചയില്‍ ഇരുനേതാക്കള്‍ക്കും ഒരുക്കിയിരിക്കുന്നത് വിചിത്രമെന്ന് തോന്നാവുന്ന സുരക്ഷാക്രമീകരണങ്ങള്‍

ലോകം അത്യധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ട്രംപ് കിം കൂടിക്കാഴ്ച ഷേക്ക്ഹാന്‍ഡോടെ തുടങ്ങി. വടക്കന്‍ കൊറിയന്‍ തലവന്‍ കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച സിംഗപ്പൂരിലെ സെന്റോസാ ദ്വീപിലെ ആഡംബര ഹോട്ടലായ കാപ്പെല്ലയിലാണ് നടക്കുന്നത്. ഹോട്ടലിലേക്ക് കയറും മുമ്പ് ഇരു നേതാക്കളും കൈകൊടുത്തു. ആണവ നിരായുധീകരണം ഉള്‍പ്പെടെ യുള്ള അനേകം വിഷയങ്ങള്‍ ഉള്‍പ്പെടെ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമാകും.

ലോകം കാത്തിരിക്കുന്ന ഈ കൂടിക്കാഴ്ചയുടെ ചെലവ് 20 ദശലക്ഷം സിംഗപ്പൂര്‍ ഡോളറാണ്. കിം സിംഗപ്പൂരിന്റെ മണ്ണില്‍ കാല്‍ കുത്തിയ ഏതാനും മണിക്കൂറുകള്‍ക്ക് തൊട്ടുപിന്നാലെ എയര്‍ഫോഴ്സ് വണ്ണില്‍ ട്രംപും വന്നിറങ്ങി. നൂറുകണക്കിന് സിംഗപ്പൂരുകാരും മാധ്യമങ്ങളും ചുറ്റും നില്‍ക്കുന്ന പാതയിലൂടെ 20 വാഹനങ്ങളുടെ അകമ്പടിയിലാണ് കിം സെന്റ് റെജിസ് ഹോട്ടലില്‍ എത്തിയത്.

കടുത്ത സുരക്ഷയുടെ ഭാഗമായി കിം ഇന്നലെ ഉച്ചയോടെ സിംഗപ്പൂരില്‍ ഇറങ്ങിയത് ചൈനീസ് വിമാനത്തിലാണ്. ജനാലകള്‍ മൂടിയ അനേകം കാറുകള്‍ കിമ്മിന്റെ വാഹനത്തിന് അകമ്പടിയോടെ ഒരിക്കല്‍ ചൈനീസ് പ്രസിഡന്റ് താമസിച്ച സെന്റ റെഗിസ് ഹോട്ടിലില്‍ എത്തി. കിമ്മിന്റെ ലിമോസിനിന് ചുറ്റും കറുത്ത സ്യൂട്ട്ധാരികളായ ബോഡി ഗാര്‍ഡുകള്‍ നില്‍ക്കുമ്പോള്‍ കിം കാറിലേക്ക് കയറാന്‍ ഒരുങ്ങുന്നതിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചവരെ വടക്കുകൊറിയന്‍ സുരക്ഷാഭടന്മാര്‍ തടഞ്ഞു.

ചരിത്ര കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂരിന് ചെലവാകുന്നത് 20 ദശലക്ഷം സിംഗപ്പൂര്‍ ഡോളറാണെന്ന് പ്രധാനമന്ത്രി ലീ സീന്‍ ലൂംഗ് പറഞ്ഞു. ഇതില്‍ പകുതിയും സുരക്ഷാ ചുമതലയ്ക്കാണ് ചെലവഴിക്കുന്നത്. കിമ്മിനായുള്ള ഭക്ഷണസാമഗ്രികള്‍ പോലും വടക്കന്‍ കൊറിയയില്‍ നിന്നും കൊണ്ടു വരികയായിരുന്നു. ഭക്ഷണസാമഗ്രികള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ പറ്റിയ വിധത്തില്‍ ചാംഗി വിമാനത്താവളത്തിലെ ഫ്ളൈറ്റ് കാറ്ററിംഗ് വിഭാഗമായ സാറ്റ് പ്രത്യേകമായി തയ്യാറാക്കിയ റഫ്രജിറേറ്റര്‍ ട്രക്കുകളിലാണ് ഭക്ഷണസാമഗ്രികള്‍ കൊണ്ടുവരുന്നത്.

കഴിക്കാനുള്ള ആഹാരം മുതല്‍ മലമുത്ര വിസര്‍ജ്യത്തിനുള്ള സംവിധാനം വരെ കിം നാട്ടില്‍ നിന്നും വരുത്തുകയായിരുന്നു. സിംഗപ്പൂര്‍ ഹോട്ടലില്‍ നടത്തുന്ന പ്രാഥമികകൃത്യങ്ങളുടെ അവശിഷ്ടം വരെ അമേരിക്ക പരീക്ഷണത്തിന് ഉപയോഗിക്കുമോ എന്ന് ഭയക്കുന്നതിനാല്‍ എല്ലാം നാട്ടിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോകണമെന്ന് കിം ആഗ്രഹിക്കുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ പോര്‍ട്ടബിള്‍ ടോയ്ലറ്റാണ് കൊണ്ടുവന്നിട്ടുള്ളത്.

വിസര്‍ജ്ജ്യവസ്തുക്കള്‍ ശേഖരിച്ച് അമേരിക്ക തന്റെ ആരോഗ്യകാര്യങ്ങളില്‍ പഠനവും ഗവേഷണവും നടത്തുമോ എന്നാണ് കിം ഭയക്കുന്നത്. ചാംഗി വിമാനത്താവളത്തില്‍ നിന്നും ഈ ട്രക്ക് കയറ്റിയ പ്രത്യേക വിമാനം സിംഗപ്പൂരില്‍ ഇറങ്ങുകയും കിം താമസിക്കുന്ന സെന്റ് റെഗീസ് ഹോട്ടലിലേക്ക് ട്രക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

Related posts