എം.ജി.എസ്
ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലെ തട്ടുപൊളിപ്പന്‍ നായകന്റെ എല്ലാവിധ സ്വഭാവങ്ങളും സന്നിവേശിപ്പിച്ച പ്രകൃതം. കുസൃതിയും കുറുമ്പും ആ മുഖത്തിനൊരു അലങ്കാരമാണ്. അതേ, ഡൊണാള്‍ഡ് ട്രംപിന് ചേരുക തനിനാടന്‍ എന്ന പ്രയോഗം തന്നെയാകും. നാടകീയതകള്‍ നിറഞ്ഞ ട്രംപിന്റെ ജീവിതത്തിലൂടെ ഒന്നു സഞ്ചരിച്ചാലോ.
സമ്പന്നതയുടെ മടിത്തട്ടിലേക്കാണ് ട്രംപ് ജനിച്ചുവീണത്. മാതാപിതാക്കളായ ഫെഡ്രിക്കിന്റെയും മേരി ട്രംപിന്റെയും അഞ്ചുമക്കളിലെ നാലാമന്‍. റിയല്‍ എസ്റ്റേറ്റിലും കെട്ടിടനിര്‍മാണത്തിലും പണംവാരുന്ന ചൂതാട്ടക്കാരനായിരുന്നു ഫെഡ്രിക്. സമ്പന്നനായിരുന്നുവെങ്കിലും ഇടത്തരക്കാരായിരുന്നു പിതാവിന്റെ ഇടപാടുകാര്‍.
ഇനി ഡൊണാള്‍ഡ് ട്രംപിലേക്ക് വരാം. വളരെയധികം ഊര്‍സലനായ എന്നാല്‍ അതിലേറെ കുസൃതിക്കാരനായിരുന്നു കൊച്ചുട്രംപ്. മകന്റെ കുസൃതി അതിരുവിട്ടപ്പോള്‍ അവനെ പട്ടാളച്ചിട്ട പഠിപ്പിക്കാന്‍ മിലിട്ടറി അക്കാദമിയിലേക്ക് പറഞ്ഞയച്ചു. അതും പതിമൂന്നാം വയസില്‍. കോളജിലും സൂപ്പര്‍താരമായിരുന്നു ട്രംപ്. കോളജ് ലീഡറായും സൂപ്പര്‍ ഫുട്‌ബോളറായും തിളങ്ങി. 1964ല്‍ ബിരുദപഠനം പൂര്‍ത്തിയാകുമ്പോള്‍ ട്രംപിനെ അറിയാത്തവര്‍ കുറവ്. പെന്‍സില്‍വാലിയയില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്ന സമയത്താണ് അമേരിക്ക വിയറ്റ്‌നാമില്‍ ആക്രമണം നടത്തുന്നത്. യുദ്ധമുഖത്ത് ഒരു വര്‍ഷം സേവനമനുഷ്ടിക്കാന്‍ ഇതോടെ അവസരമൊരുങ്ങി.
പഠനശേഷം നേരെ പിതാവിന്റെ കമ്പനിയുടെ സാരഥ്യം ഏറ്റെടുത്തു. 1971ലായിരുന്നു ഇത്. അത്രയൊന്നും ലാഭകരമായ അവസ്ഥയിലായിരുന്നില്ല ബിസിനസ് അപ്പോള്‍. പൊളിച്ചടുക്കുകയെന്ന തത്വത്തില്‍ വിശ്വസിക്കുന്ന ട്രംപ് ആദ്യം ചെയ്ത കാര്യം കമ്പനിയുടെ പേര് മാറ്റുകയെന്നതായിരുന്നു. ട്രംപ് ഓര്‍ഗനൈസേഷന്‍ എന്ന ബ്രാന്‍ഡ് നെയിം ക്ലിക്കായി. ബിസിനസില്‍ മുന്നേറുന്നതിനൊപ്പം വിവാദങ്ങളും കേസുകളും ട്രംപിനെ വിട്ടുമാറിയില്ല.
ഒന്നല്ല കെട്ടിയത് മൂന്നുതവണ
ട്രംപിന്റെ കൂടെ ഇപ്പോഴുള്ള സ്ലോവേനിയന്‍ മോഡല്‍ മെലാനിയയെന്ന സുന്ദരി ട്രംപിന്റെ മൂന്നാം ഭാര്യയാണ്. ഇരുവരും വിവാഹിതരായത് 2005ല്‍. 1998ല്‍ ഒരു പാര്‍ട്ടിയില്‍വച്ചാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടുന്നത്. രണ്ടാംഭാര്യയായിരുന്ന മരിയ മാപ്‌ലസുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചതാകട്ടെ 1997ലും. ഇതിനും മുമ്പ് ട്രംപിന്റെ ജീവിതത്തിലേക്കെത്തിയ സുന്ദരിയായിരുന്നു ഇവാന ട്രംപ്. ഇന്നത്തെ ചെക് റിപ്പബ്ലിക്കില്‍ ജനിച്ച ഇവര്‍ 1977ലാണ് ട്രംപിനെ വിവാഹം കഴിക്കുന്നത്. ഒരു പാര്‍ട്ടിയില്‍വച്ചു തന്നെയാണ് ഇരുവരും തമ്മില്‍ കാണുന്നതും. രണ്ടാം വിവാഹമായിരുന്നു ഇവാനയുടേത്. പക്ഷേ നീണ്ടുനിന്നത് 15 വര്‍ഷം മാത്രം.
(രാഷ്ടദീപികഡോട്ട്‌കോം തയാറാക്കുന്ന ഫീച്ചറുകള്‍ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആവര്‍ത്തിക്കുന്നപക്ഷം നിയമനടപടി സ്വീകരിക്കുന്നതാണ്.)