വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെയും ഭരണകൂടത്തെയും വിമർശിച്ച മുൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മറുപടിയുമായി ട്രംപ്. ഒബാമ കഴിവില്ലാത്ത പ്രസിഡന്റായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകൾ നിലവാരമില്ലാത്തതാണെന്നും, അത്തരം പ്രവർത്തനങ്ങളിൽ ഗവണ്മെന്റ് പൂർണപരാജയമാണെന്നും ഒബാമ തുറന്നടിച്ചിരുന്നു. ഇതിനെതിരായാണ് ട്രംപ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
“അദ്ദേഹം പ്രാപ്തിയില്ലാത്ത ഒരു പ്രസിഡന്റായിരുന്നു. തികച്ചും ഒന്നിനും കൊള്ളാത്ത പ്രസിഡന്റ്എനിക്ക് പറയാന്‍ കഴിയുന്നത് അത്രയേ ഉള്ളൂ’ വൈറ്റ്ഹൗസില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.
തന്റെ സർക്കാരിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും ചെയ്യാനാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങളും മറ്റും ശക്തമാക്കിയതിന്റെ ഫലമായി രാജ്യത്ത് പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞു.
യുഎസില്‍ രോഗവ്യാപനത്തിന്റെ പ്രധാനകാരണം ഭരണകൂടത്തിന്റെ പരാജയമാണ്. നിഷ്ക്രിയത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോള്‍ കാണുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ പദവികളില്‍ വെറുതെ ഇരിക്കുകയാണെന്നും കഴിഞ്ഞ ദിവസം സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ ഒബാമ കുറ്റപ്പെടുത്തിയിരുന്നു.
ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശം. 15,27,664 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 90,978 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.