വാഷിംഗ്ടൺ/ജിദ്ദ: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) കൃത്രിമമായി വില കൂട്ടുകയാണെന്നും ഇതു സ്വീകാര്യമല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കന്പോളത്തിനു താങ്ങാവുന്ന വിലയേ ഉള്ളൂവെന്ന് സൗദി അറേബ്യയുടെ ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ്.
ക്രൂഡ് വില മൂന്നു വർഷത്തെ ഏറ്റവും കൂടിയ വിലയിൽ എത്തിയപ്പോഴാണ് ഈ ഏറ്റുമുട്ടൽ. വീപ്പയ്ക്ക് 74.75 ഡോളർ എത്തിയ ബ്രെന്റ് ഇനം ക്രൂഡ് വില ഇതേ തുടർന്ന് 73.12 ഡോളർ വരെ താണു. ട്വിറ്ററിലാണു ട്രംപ് നിലപാടറിയിച്ചത്. എന്നാൽ, വില താഴ്ത്താൻ എന്തെങ്കിലും ചെയ്യുമെന്നു പറഞ്ഞില്ല.
ജിദ്ദയിൽ ഒപെകിന്റെ മന്ത്രിതല സമ്മേളനത്തിനു തൊട്ടു മുന്‍പാണു മന്ത്രി ഖാലിദ് ഇതിനു മറുപടി നല്‍കിയത്. ഒപെക് പ്രതിദിന ഉത്പാദനം 18 ശതമാനം വീപ്പ കുറച്ചാണു വില രണ്ടു വർഷം കൊണ്ട് ഇരട്ടിയിലേറെ ആക്കിയത്.
വിലകൂടിയതോടെ ഷെയ്ൽ വാതകക്കാരടക്കം അമേരിക്കയിലെ പെട്രോളിയം ഉത്പാദകർ ഉത്പാദനം കൂട്ടി. ഇപ്പോൾ 105 ലക്ഷം വീപ്പയാണ് അമേരിക്കയിലെ പ്രതിദിന ഉത്പാദനം. സൗദിയുടെത്പാദനം പ്രതിദിനം 100 ലക്ഷം വീപ്പ വരും. റഷ്യൻ ഉത്പാദനം 110 ലക്ഷം വീപ്പ ഉണ്ട്.