വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ മുൻ പോൺ താരം സ്റ്റോമി ഡാനിയൽസ് ഉന്നയിച്ച ലൈംഗികാരോപണത്തെ പാടെ തള്ളി വീണ്ടും വൈറ്റ്ഹൗസ്. ട്രംപിനെതിരെ ഉയർന്ന ലൈംഗികാരോപണവും ഇതുമായി ബന്ധപ്പെട്ട് പിന്നീടുവന്ന മറ്റെല്ലാ ആരോപണങ്ങളും അടിസ്ഥാനമില്ലാത്തതാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ ആവർത്തിച്ചു.
2006ല്‍ നവേദയില്‍ വച്ച് നടന്ന ഗോള്‍ഫ് ടൂര്‍ണമെന്‍റിനിടെ ട്രംപ് തന്നെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്നായിരുന്നു സ്റ്റോമി ഡാനിയൽസ് ആദ്യം ഉന്നയിച്ച ആരോപണം. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തൽ.
ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് പറയാതിരിക്കുന്നതിന് തനിക്ക് പണം നൽകിയെന്നും ഇതിനായി ഉണ്ടാക്കിയ കരാർ പ്രകാരം 13,000 ഡോളറാണ് തനിക്ക് ലഭിച്ചതെന്നും സ്റ്റോമി പിന്നീട് പറഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മുൻപായിരുന്നു സ്റ്റോമി ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്.
പിന്നീട്, തങ്ങൾ തമ്മിലുള്ള ബന്ധം പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുയായികൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇക്കഴിഞ്ഞ ഞായറാഴ്ച സ്റ്റോമി ഡാനിയൽസ് വെളിപ്പെടുത്തിയിരുന്നു. സ്റ്റോമിയുടെ പുതിയ വെളിപ്പെടുത്തൽ കൂടി വന്നതോടെ വിഷയത്തിൽ ട്രംപിനെ വിമർശിച്ചും അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി.