ഇക്കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റ് ലോകത്തെ ഭീമനായ ഗൂഗിളിന്റെ മേലധികാരി, സുന്ദര്‍ പിച്ചെയെ അമേരിക്കന്‍ സെനറ്റര്‍മാര്‍ വിളിച്ച് വരുത്തുകയുണ്ടായി. ചില ചോദ്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കാനായിരുന്നു അത്.
ഗൂഗിളില്‍ വിഡ്ഢി (idiot) എന്ന വാക്കിന്റെ ചിത്രങ്ങള്‍ തിരഞ്ഞാല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം കാണിക്കുന്നത് എന്തുകൊണ്ടാണെന്നത് ആയിരുന്നു ഒരു ചോദ്യം. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം സോ ലോഫ്ഗ്രെനാണ് ഈ ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യത്തിന് തികച്ചും സാങ്കേതിക വിശദീകരണമാണ് സുന്ദര്‍ പിച്ചെ നല്‍കിയത്.
പ്രസക്തി, ജനപ്രീതി, തിരയല്‍ പദം എന്നിവ ഉള്‍പ്പെടെ ഏതാണ്ട് 200 ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ഗൂഗിള്‍ അല്‍ഗോരിതമാണ് ഉത്തരം നല്‍കുന്നതെന്നും ഇതില്‍ വേറൊരു തരത്തിലുള്ള ഇടപെടലും നടക്കുന്നില്ലെന്നും പിച്ചെ മറുപടി നല്കി. എന്നാല്‍ ഇത് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായില്ല.
ഗൂഗിള്‍ ജീവനക്കാര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ തെരച്ചില്‍ ഫലങ്ങളില്‍ ഇടപെടുന്നെന്ന സെനറ്റര്‍മാരുടെ ആരോപണങ്ങള്‍ക്കെതിരെ പിച്ചെ വിശദീകരണം നല്കി. തിരയല്‍ ഫലങ്ങളെ കൈകാര്യം ചെയ്യാന്‍ ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നോ എന്ന് ലാമാര്‍ സ്മിത്ത് എന്ന അംഗം പിച്ചെയോട് ചോദിച്ചു.
ഒരു വ്യക്തിക്കോ അതല്ലെങ്കില്‍ ഒരു കൂട്ടം ആളുകള്‍ക്കു വേണ്ടിയോ ഇത് ചെയ്യാന്‍ സാധിക്കില്ലെന്നും ഗൂഗിള്‍ ഫലം തരുന്നത് പല ഘട്ടങ്ങളിലൂടെയാണെന്നും പിച്ചെ വിശദീകരിച്ചു. എന്നാല്‍ സ്മിത്ത് ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഗൂഗിള്‍ തിരച്ചില്‍ പ്രക്രിയയെ കൃത്രിമമായി കൈകാര്യം ചെയ്യാന്‍ മനുഷ്യര്‍ക്ക് കഴിയുമെന്ന് കരുതുന്നതായി സ്മിത്ത് അഭിപ്രായപ്പെട്ടു. അടിസ്ഥാനപരമായി മനുഷ്യനുണ്ടാക്കിയ പ്രക്രിയയാണെന്നും സ്മിത്ത് വ്യക്തമാക്കി.
നെഗറ്റീവ് വാര്‍ത്തകള്‍ കാണുന്നതിന്റെ നിരാശ ഞാന്‍ മനസ്സിലാക്കുന്നു. എനിക്കും അത് അറിയാം. ഞാന്‍ അത് എന്നില്‍ കാണുന്നു. സാധ്യമായതില്‍ ഏറ്റവും മെച്ചപ്പെട്ടത് നല്‍കുന്നത് ഉറപ്പുവരുത്താനുള്ള ഞങ്ങളുടെ താത്പര്യമാണിത്. ഞങ്ങളുടെ അല്‍ഗോരിതത്തിന് രാഷ്ട്രീയ വികാരമില്ല -പിച്ചെ പറഞ്ഞു.