ചില നേരങ്ങളിലെങ്കിലും ഒരു രാജ്യത്തിന്റെ ഭരണാധികാരി തന്നെയോ ഇദ്ദേഹമെന്ന് സംശയം തോന്നുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രകടനങ്ങളും നടത്തുന്ന വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത്തരത്തില്‍ അദ്ദേഹം ഏറ്റവും ഒടുവില്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാന്‍ തനിക്കു സാധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് ഫലിത രൂപേണ പറഞ്ഞിരുന്നെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പൊളിറ്റിക്കോ മാഗസിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.
വിദേശരാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും അതിനു മുമ്പും ട്രംപിന് സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊളിറ്റിക്കോ ഇക്കാര്യം പറയുന്നത്.
കഴിഞ്ഞവര്‍ഷം മോദിയും ട്രംപും തമ്മില്‍ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദര്‍ശനത്തിന് മോദി തനിച്ചാണ് എത്തുന്നത് എന്നറിഞ്ഞപ്പോഴായിരുന്നു ട്രംപിന്റെ അഭിപ്രായപ്രകടനം. ‘ആ ഞാന്‍ വിചാരിക്കുന്നു എനിക്ക് അദ്ദേഹത്തിന് ഒരു പങ്കാളിയെ കണ്ടെത്തിക്കൊടുക്കാന്‍ സാധിക്കുമെന്ന്’- ട്രംപ് പറഞ്ഞു. അദ്ദേഹം തെറ്റായി ഉച്ചരിച്ചിട്ടുള്ള സ്ഥലപ്പേരുകള്‍, നേതാക്കന്മാരുമായി നടത്തിയ സംഭാഷണങ്ങളിലെ പിഴവുകള്‍, കൗതുകകരമായ ആഗ്യംങ്ങള്‍ തുടങ്ങി നിരവധി കൗതുകകരമായ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.