ന്യൂഡൽഹി: ഇന്ത്യൻ വിമാനക്കന്പനിയായ സ്പൈസ്ജെറ്റിനു നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ വിമാനക്കമ്പനിയായ ബോയിംഗിന് സ്പൈസ്ജെറ്റ് വലിയ ഓർഡർ നല്കിയതിനാണ് ട്രംപ് നന്ദി അറിയിച്ചത്. വിമാനങ്ങൾ വാങ്ങുന്നതു വഴി അമേരിക്കയിൽ ആയിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് ട്രെപിന്റെ നന്ദിപറച്ചിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. സാന്പത്തികമായി ഇന്ത്യ നന്നായി വളരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
205 വിമാനങ്ങൾക്കാണ് സ്പൈസ്ജെറ്റ് ഓർഡർ നല്കിയിരിക്കുന്നത്. 2,200 കോടി ഡോളറിന്റെ ഇടപാട്. ഇത് അമേരിക്കയിൽ 1,32,000 തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ് അമേരിക്കൻ വാണിജ്യവകുപ്പിന്റെ റിപ്പോർട്ട്.
ട്രംപിന്റെ കൊമേഴ്സ് സെക്രട്ടറി വിൽബർ റോസിന്റെ സ്വകാര്യ കമ്പനി സ്പൈസ്ജെറ്റിൽ 2008ൽ 8.6 കോടി ഡോളർ നിക്ഷേപിച്ചിരുന്നു. പിന്നീട് 2010ൽ 12.7 കോടി ഡോളറിന് 30 ശതമാനം ഓഹരികൾ സ്പൈസ്ജെറ്റിനുതന്നെ വിൽക്കുകയായിരുന്നു.