വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ലാസ് വെഗാസിലുള്ള ഹോട്ടലിനു പുറത്ത് ട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. അപകടത്തിൽ ഏഴു പേർക്കു പരിക്കേറ്റു. ഹോട്ടൽ കവാടത്തിൽ പാർക്ക് ചെയ്തിരുന്ന ടെസ്ല സൈബർ ട്രക്കാണ് തീപിടിച്ച് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തെ തുടർന്ന് ഹോട്ടലിൽ താമസിച്ചിരുന്നവരെയും ജീവനക്കാരെയും പൂർണമായും ഒഴിപ്പിച്ചു. ട്രക്കിനുള്ളിൽ സ്ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോൺ മസ്ക് പറഞ്ഞു.ന്യൂ ഓർലിയൻസിൽ പുതുവത്സര ആഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റി ജനക്കൂട്ടത്തിനുനേരേ വെടിയുതിർത്ത സംഭവവുമായി ഈ അപകടത്തിനു ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ന്യൂ ഓർലിയൻസിലെ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 35 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമി ജനക്കൂട്ടത്തിലേക്ക് അതിവേഗത്തിൽ വാഹനം ഓടിച്ചുകയറ്റുകയും തുടർന്ന് പുറത്തിറങ്ങി വെടിയുതിർക്കുകയുമായിരുന്നു.
അക്രമി യുഎസ് പൗരനായ മുൻ സൈനിക ഉദ്യോഗസ്ഥനാണെന്നും ഇയാൾ ഓടിച്ച ട്രക്കിൽ ഐഎസ് പതാക ഉണ്ടായിരുന്നന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു.