മോസ്കോ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനും ആയ രാഷ്ട്രീയക്കാരനാണെന്നും എന്നാൽ വധശ്രമത്തിനുശേഷം അദ്ദേഹം സുരക്ഷിതനാണെന്നു താൻ കരുതുന്നില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിന്റെ കുടുംബത്തെയും കുട്ടികളെയും രാഷ്ട്രീയ എതിരാളികൾ വിമർശിച്ച രീതി എന്നെ ഞെട്ടിച്ചു. റഷ്യയിൽ കൊള്ളക്കാർപോലും അത്തരം രീതികൾ അവലംബിക്കില്ലെന്നും പുടിൻ പറഞ്ഞു. പ്രചാരണവേളയിൽ പെൻസിൽവാനിയയിൽ നടന്ന വധശ്രമത്തിൽ ഡോണാൾഡ് ട്രംപിനു പരിക്കേറ്റിരുന്നു.
അതേസമയം, അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കാനിരിക്കുന്ന ഡോണൾഡ് ട്രംപിന്റെ നിയുക്ത കാബിനറ്റ് അംഗങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. വിവിധ വകുപ്പുകളെ നയിക്കാൻ ട്രംപ് തെരഞ്ഞെടുത്ത ഒമ്പത് പേർക്ക് ഭീഷണി സന്ദേശം കിട്ടിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും എല്ലാവരുടെയും സുരക്ഷ വർധിപ്പിച്ചെന്നും എഫ്ബിഐ അറിയിച്ചു.