വാഷിംഗ്ടൺ: ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങൾക്കു കനത്ത തിരിച്ചടിയാകുന്ന വിധത്തിൽ അമേരിക്കയിൽ എത്തുന്ന എല്ലാ ഉത്പന്നങ്ങൾക്കും പ്രസിഡന്റ് ഡോണൾഡ് ട്രംപ് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തി. അമേരിക്കൻ ഉത്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് കൂടുതൽ നികുതി ചുമത്തിയിട്ടുണ്ട്. 26 ശതമാനം തീരുവയാണ് ഇന്ത്യക്കുമേൽ ചുമത്തിയത്.
ചൈനക്കെതിരേ 34 ശതമാനവും ജപ്പാനെതിരേ 24 ശതമാനവും യൂറോപ്യൻ യൂണിയനെതിരേ 20 ശതമാനവുമാണ് ഇറക്കുമതി തീരുവ. എല്ലാ വിദേശ നിർമിത ഓട്ടോമൊബൈൽ ഉത്പന്നങ്ങൾക്കും 25 ശതമാനം പകരം തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പകരം തീരുവയിൽനിന്നു കാനഡയെയും മെക്സിക്കോയെയും ഒഴിവാക്കി. ഐഇഇപിഎ പ്രകാരം നിലവിലുള്ള കരാറുകൾ കാരണമാണിതെന്നാണു വിശദീകരണം.
അമേരിക്കയുടെ വിമോചന ദിനമെന്ന പ്രഖ്യാപനത്തോടെയായിരുന്നു തീരുവ ചുമത്തൽ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രിയപ്പെട്ട സുഹൃത്താണെന്നു പത്രസമ്മേളനത്തിൽ പറഞ്ഞ ട്രംപ്, 52 ശതമാനം തീരുവയാണ് അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നതെന്നും അതുകൊണ്ട് ഇന്ത്യക്കുമേൽ ഡിസ്ക്കൗണ്ടോടെ 26 ശതമാനം തീരുവ ചുമത്തുകയാണെന്നും വ്യക്തമാക്കി.
ഇന്ത്യയിൽനിന്നുള്ള അലുമിനിയം, സ്റ്റീൽ, ഓട്ടോമൊബീൽ ഇറക്കുമതിക്ക് നേരത്തെത്തന്നെ യുഎസ് അധിക തീരുവ ചുമത്തിയിരുന്നു. അമേരിക്കയിൽ നിർമാണ മേഖല പുനരുജ്ജീവിപ്പിക്കാനും, വ്യാപാര കമ്മി കുറയ്ക്കാനും തീരുവ നടപടികൾ അനിവാര്യമാണെന്നും അമേരിക്ക സുവർണ കാലത്തേക്ക് മടങ്ങുന്നുവെന്നും ട്രംപ് പറഞ്ഞു.
വിദേശികൾ നമ്മുടെ സ്വപ്നങ്ങൾ നശിപ്പിച്ചു. ജോലി അവസരങ്ങൾ തട്ടിയെടുത്തു. അമേരിക്കൻ പണംകൊണ്ട് മറ്റു രാജ്യങ്ങൾ സമ്പന്നരായി. ഇനി അത് അനുവദിച്ചു കൊടുക്കില്ല. യുഎസ് എന്ന വ്യവസായിക ശക്തിയുടെ പുനർജന്മമാകും ഇനി കാണുകയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
തീരുവ പ്രഖ്യാപനത്തെ തുടർന്ന് ഓഹരി വിപണികൾ ഇടിഞ്ഞു. വലിയ തകര്‍ച്ച പ്രതീക്ഷിച്ചെങ്കിലും സെന്‍സെക്സില്‍ 500 പോയിന്റാണ് തുടക്കത്തില്‍ ഇടിവുണ്ടായത്. പിന്നീട് നഷ്ടം 330 പോയന്റിലേക്കു ചുരുങ്ങി. രാവിലെ 9.30 ഓടെ 104 പോയിന്റ് നഷ്ടത്തില്‍ 23,227ലാണ് നിഫ്റ്റിയില്‍ വ്യാപാരം നടന്നത്. സെന്‍സെക്സാകട്ടെ 76,202 നിലവാരത്തിലുമെത്തി.
തിരിച്ചടിത്തീരുവ പ്രാബല്യത്തിലാകുന്നതോടെ യുഎസിൽ ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്കു വില കൂടുന്നതു കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും. സമുദ്രോത്പന്നങ്ങൾ, വസ്ത്രങ്ങൾ, ഔഷധങ്ങൾ, ആഭരണങ്ങൾ, വാഹന അനുബന്ധ ഘടകങ്ങൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയിൽ വലിയ പ്രതിസന്ധി ഉണ്ടാകും.
ശരാശരി 10ശതമാനം നിരക്കിൽ യുഎസ് തീരുവ ഏർപ്പെടുത്തിയാൽത്തന്നെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ 51,600 കോടി രൂപയുടെ ഇടിവുണ്ടാകുമെന്നു കണക്കാക്കിയിരുന്നു. തീരുവ 25 ശതമാനത്തിലേക്കുയർത്തിയതിനാൽ ആഘാതം കൂടുതൽ കനക്കും. സമുദ്രോത്പന്ന-വസ്ത്ര കയറ്റുമതി നടത്തുന്ന കേരളവും ആശങ്കയിലാണ്.