അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വേണ്ടി ക്ഷേത്രം നിർമിക്കുവാനൊരുങ്ങി ഇന്ത്യയിൽ നിന്നുമൊരാൾ. തെലുങ്കാനയിലെ കുഗ്രാമമായ കോന്നിയിലുള്ള ബുസ്സാ കൃഷ്ണ എന്ന മുമ്പത്തിയൊന്നുകാരനാണ് അമേരിക്കൻ പ്രസിഡന്റിന്റെ ചിത്രം വീട്ടിൽ സ്ഥാപിച്ച് ദിവസം മുഴുവൻ പൂജ ചെയ്യുന്നത്.
പൂക്കളും മഞ്ഞളും സിന്ദൂരവുമെല്ലാം അദ്ദേഹം പൂജയ്ക്കായി ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല താൻ പോകുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹം ട്രംപിന്റെ ചിത്രവും കൊണ്ടുപോകാറുണ്ട്. അസാധാരണമായ ഈ ഭക്തികണ്ട് ബന്ധുക്കളും സുഹൃത്തുക്കളും കൃഷ്ണയ്ക്ക് ഭ്രാന്താണെന്നാണ് പറയുന്നത്. ട്രംപിന്റെ പ്രതിഷ്ഠ സ്ഥാപിച്ച് ഒരു ക്ഷേത്രം നിർമിക്കാനുള്ള തീരുമാനത്തിലാണ് കൃഷ്ണ ഇപ്പോൾ.
ട്രംപിനോടുള്ള ഭക്തി മൂന്ന് വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചതാണെന്നാണ് കൃഷ്ണ അവകാശപ്പെടുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുഎസിൽ തെലുങ്കാന സ്വദേശിയായ ഒരു സോഫ്റ്റ്വെയർ എൻജിനിയർ കൊല്ലപ്പെട്ടിരുന്നു.
തുടർന്ന് മാനസികമായി വളരെയധികം വേദന അനുഭവിച്ച കൃഷ്ണ ഇന്ത്യൻ ജനതയ്ക്ക് ട്രംപിനോടും അദ്ദേഹത്തിന്റെ ജനങ്ങളോടുമുള്ള സ്നേഹവും വിശ്വാസവും പ്രാർഥനയിൽ കൂടി അദ്ദേഹത്തെ അറിയിക്കുവാൻ തീരുമാനിക്കുകയായിരുന്നു
എന്നെങ്കിലുമൊരിക്കൽ തന്റെ പ്രാർത്ഥന അവരിലെത്തുമെന്നാണ് തന്റെ വിശ്വാസമെന്ന് പറയുന്ന കൃഷ്ണ, ഇന്ത്യക്കാർക്ക് മറ്റു രാജ്യങ്ങളിലുള്ളവരെക്കാൾ ആത്മീയ ശക്തിയുണ്ടെന്നും പറയുന്നു.
കൃഷ്ണയുടെ ഭ്രാന്തമായ ചിന്താഗതിയെ തുടർന്ന് മാതാപിതാക്കൾ മറ്റൊരു വീട്ടിലേക്കു താമസം മാറിയിരിക്കുകയാണ്. കൃഷ്ണയ്ക്ക് ശരിക്കും ഭ്രാന്താണെന്നാണ് അയൽവാസികൾ എല്ലാം പറയുന്നത്. ആറുമാസത്തിനുള്ളിൽ താൻ ട്രംപിനു വേണ്ടി ക്ഷേത്രം നിർമിക്കുമെന്ന് കൃഷ്ണ ഉറപ്പിച്ചു പറയുന്നു.
ട്രംപിനെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ നയങ്ങളെക്കുറിച്ചും യാതൊന്നും അറിവില്ലാത്ത കൃഷ്ണ, ട്രംപിനെ ഒരിക്കൽ വേൾഡ് റസ്ലിംഗ് മത്സര വേദിയിൽ കണ്ടിരുന്നു. അതിനാൽ ട്രംപ് ഒരു ശക്തിമാനാണെന്നു ഉറച്ചു വിശ്വസിക്കുകയും അത് എല്ലാവരോടും പറയുകയും ചെയ്യുന്നു.
താൻ ട്രംപിനെ ആരാധിക്കുന്നതിന്റെ ചിത്രങ്ങളും മറ്റും ഫേസ്ബുക്ക് പേജിലൂടെ കൃഷ്ണ പങ്കുവെയ്ക്കുന്നുണ്ട്. ട്രംപ് ഫേസ്ബുക്കിൽ തനിക്ക് സന്ദേശം അയച്ചുവെന്നും. ഇന്ത്യയിൽ വരുമ്പോൾ അദ്ദേഹം തന്നെ ഓർക്കുമെന്നും അദ്ദേഹത്തെ നേരിൽ കാണാൻ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിൽ ഓരോ ദിനങ്ങളും മുമ്പോട്ടു തള്ളി നീക്കുകയാണ് ബുസ്സാ കൃഷ്ണ.