വാഷിംഗ്ടൺ ഡിസി : ലോകത്തെ ഏറ്റവും ശക്തമായ രാജ്യം ഭരിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദിനം പ്രതി നാലുമണിക്കൂറിനും എട്ടുമണിക്കൂറിനും ഇടയ്ക്കു സമയം ടിവിക്കു മുന്നിൽ ചെലവഴിക്കുന്നതായി റിപ്പോർട്ട്. ട്രംപിന്റ ഉപദേഷ്ടാക്കളും വിശ്വസ്തരും ഉൾപ്പെടെ അറുപതോളം പേരെ ഇന്റർവ്യൂ ചെയ്തശേഷം ന്യൂയോർക്ക് ടൈംസ് അറിയിച്ചതാണ് ഇക്കാര്യം. മാസ്റ്റർ ബഡ് റൂമിലെ ടിവി രാവിലെ 5.30ന് ഓൺ ചെയ്ത് സിഎൻഎൻ ചാനൽ കണ്ടുകൊണ്ടാണ് വൈറ്റ്ഹൗസിൽ ട്രംപിന്റെ ദിവസം തുടങ്ങുന്നത്.
വ്യാജവാർത്ത നൽകുന്നുവെന്ന് ആരോപിച്ച് സിഎൻഎന്നിനെ രൂക്ഷമായി വിമർശിക്കുന്നയാളാണു ട്രംപ് എന്നതു മറ്റൊരു കാര്യം. ഫോക്സ്ചാനലിലെ ഫോക്സ് ആൻഡ് ഫ്രണ്ട്സാണു ട്രംപിന് ഇഷ്ടപ്പെട്ട മറ്റൊരു പ്രോഗ്രാം. ഫോക്സ് ന്യൂസും സ്ഥിരമായി കാണും.
ടിവിയുടെ റിമോട് കൺട്രോളിൽ തൊടാൻ പോലും വൈറ്റ് ഹൗസിൽ ആർക്കും അനുമതിയില്ല. ട്രംപിനും സാങ്കേതിക വിദഗ്ധർക്കും മാത്രമായി റിമോട്ടിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ചില മീറ്റിംഗുകൾ നടക്കുന്പോൾ പോലും ട്രംപ് ടിവി മ്യൂട്ടാക്കി വച്ചു അതിൽ നോക്കിയിരിക്കും.
കാണാൻ സമയം കിട്ടാത്ത പ്രോഗ്രാമുകളും വാർത്താചാനൽ പരിപാടികളും റിക്കോർഡു ചെയ്തു പിന്നീടു കാണുന്ന പതിവുമുണ്ട്. തന്നെപ്പറ്റി മറ്റുള്ളവർ പറയുന്നതു മനസിലാക്കുകയാണു ട്രംപിന്റെ ലക്ഷ്യം. ടിവിയിലൂടെ വാർത്തകൾ എല്ലാം കിട്ടുന്നുണ്ടെങ്കിലും ചില വിശ്വസ്തർ തരുന്ന വിവരങ്ങളെ ആശ്രയിച്ചുമാത്രമാണു ട്രംപ് തീരുമാനങ്ങൾ എടുക്കുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു.