വാഷിംഗ്ടൺ: ലോകബാങ്ക് പ്രസിഡന്റായി ഡേവിഡ് മൽപാസിനെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നാമനിർദേശം ചെയ്യും. യുഎസ് ട്രഷറി വകുപ്പിലെ സീനിയർ ഓഫീസറാണു മൽപാസ്.ലോകബാങ്ക് അടക്കമുള്ള ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ നിശിതമായി വിമർശിക്കുകയും വെറുക്കുകയും ചെയ്യുന്ന ആളാണ് ഇദ്ദേഹം. പ്രസിഡന്റ് ട്രംപും ഇതേ കാഴ്ചപ്പാടുകാരനാണ്.
ലോകബാങ്കിന്റെ പന്ത്രണ്ടംഗ എക്സിക്യൂട്ടീവ് ബോർഡാണ് ഔപചാരികമായി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. കീഴ്വഴക്കം യുഎസ് നോമിനിയെ എല്ലാവരും അംഗീകരിക്കുന്നതാണ്. ഐഎംഎഫ് മേധാവിയെ നിശ്ചയിക്കുന്പോൾ യൂറോപ്യൻ രാജ്യങ്ങളുടെ നോമിനിയെ എടുക്കും. എക്സിക്യൂട്ടീവ് ബോർഡിൽ അമേരിക്കയ്ക്ക് 16 ശതമാനം വോട്ട് ഉണ്ട്.
പ്രശ്നങ്ങൾ പരിഹരിക്കാതെ കന്പോളം കടബാധ്യത ഉണ്ടാക്കുന്ന രാജ്യാന്തര സ്ഥാപനങ്ങളിലൊന്ന് എന്നാണു മൽപാസ് ലോകബാങ്കിനെ ഒരിക്കൽ വിശേഷിപ്പിച്ചത്.ദക്ഷിണകൊറിയൻ വംശജനായ ജിം യോംഗ് കിം കാലാവധിക്കു മുൻപേ വിരമിക്കുന്ന ഒഴിവിലാണു മൽപാസ് വരുന്നത്. ട്രംപ് ഭരണകൂടവുമായുള്ള അഭിപ്രായവ്യത്യാസമാണു ജിം രാജിവയ്ക്കുന്നതിലേക്കു നയിച്ചത്.
ലോകബാങ്ക് ചൈനയ്ക്കു വികസന സഹായം നല്കരുതെന്നു പരസ്യമായി പറയുന്ന ആളാണു മൽപാസ്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതി വഴി പാക്കിസ്ഥാനെയും ശ്രീലങ്കയെയും മറ്റും കടക്കെണിയിലാക്കിയതിന്റെ പേരിൽ ഇദ്ദേഹം ചൈനയെ പലവട്ടം വിമർശിച്ചിട്ടുണ്ട്. ലോകബാങ്കിൽ നാലര ശതമാനം വോട്ടവകാശമുണ്ട് ചൈനയ്ക്ക്. അമേരിക്കയും ജപ്പാനും കഴിഞ്ഞാൽ ഏറ്റവും വോട്ടവകാശമുള്ളത് ചൈനയ്ക്കാണ്.
ലോകബാങ്ക് വായ്പ ഏറ്റവും ദരിദ്രരാജ്യങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് അദ്ദേഹം പറയുന്നത്. ചൈനപോലുള്ള ഇടത്തരം വരുമാനക്കാരെ സ്വകാര്യവായ്പ മാത്രം ആശ്രയിക്കാൻ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം പറയുന്നു. (ആളോഹരിവരുമാനം വച്ചാണ് ചൈന ഇടത്തരം വരുമാന വിഭാഗത്തിലാകുന്നത്).
ഒരു നിർണായക ധനകാര്യസ്ഥാപനത്തെ തകർക്കാനാണു ട്രംപ് ശ്രമിക്കുന്നതെന്ന് ഈ നോമിനേഷൻ കാണിക്കുന്നതായി സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്മെന്റിലെ സീനിയർ ഫെലോ ജസ്റ്റിൻ സാൻഡെഫർ പറഞ്ഞു. മറ്റു രാജ്യങ്ങൾ വേറെ സ്ഥാനാർഥിയെ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ അമേരിക്കയ്ക്കു വീറ്റോ അധികാരമില്ല. കേവല ഭൂരിപക്ഷം മതി ജയിക്കാൻ. മാർച്ച് 14 വരെയാണു തെരഞ്ഞെടുപ്പിനു നാമനിർദേശപത്രിക സമർപ്പിക്കാവുന്നത്. മൂന്നു സ്ഥാനാർഥികൾവരെ ആകാം.
അറുപത്തിരണ്ടു വയസുള്ള മൽപാസ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സാന്പത്തിക ഉപദേഷ്ടാവായിരുന്നു. ബെയർസ്റ്റിയാൺസ് കന്പനിയിൽ ചീഫ് ഇക്കണോമിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. റോണൾഡ് റെയ്ഗന്റെ കാലത്ത് ട്രഷറി ഡിപ്പാർട്ട്മെന്റിലും ജോർജ് ബുഷിന്റെ കാലത്ത് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലും പ്രവർത്തിച്ചു.