വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ, ട്രംപിന്റെ വിശ്വസ്തയും മുഖ്യ ഉപദേഷ്ടാവുമായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
എയർഫോഴ്സ് വണ്ണിൽ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ഹോപ് ഹിക്സ്. ഇതേ തുടർന്ന് ട്രംപും ഭാര്യയും ക്വാറന്റൈനിൽ പോയിരുന്നു.
ചൊവ്വാഴ്ച ക്ലീവ്ലൻഡിൽ നടന്ന സംവാദ പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രയിലും ഹോപ് ഹിക്സ് പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. ബ്ലൂംബെർഗ് ന്യൂസാണ് ഹിക്സിന് കോവിഡാണെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്.
ഈ വർഷം ആദ്യമാണ് ഹിക്സ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയത്. നേരത്തെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും ട്രംപിന്റെ 2016 തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്.