വാഷിംഗ്ടൺ: മാധ്യമപ്രവർത്തകരുമായി ഉടക്കി വാർത്താ സമ്മേളനം അവസാനിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിബിഎസ് ന്യൂസിന്റെ വീജിയ ജിയാംഗ്, സിഎൻഎൻന്റെ കയ്തലാൻ കോളിൻസ് എന്നിവരുമായാണ് ട്രംപ് ഉടക്കിയത്.
കോവിഡ് പരിശോധനകളിൽ മറ്റേത് രാജ്യത്തെക്കാളും മുന്നിലാണ് അമേരിക്കയെന്നാണ് താങ്കൾ പറയുന്നത്.
യുഎസില്‍ വൈറസ് ബാധ മൂലം പ്രതിദിനം നിരവധി പേര് മരിക്കുകയും രോഗബാധിതരാവുകയും ചെയ്യുന്ന സാഹചര്യത്തിലും മറ്റു രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണ് യുഎസ് എന്ന് ആവര്‍ത്തിക്കുന്നതെന്തിനാണെന്ന് സിബിഎസന്റെ റിപ്പോര്‍ട്ടര്‍ വീജിയ ജിയാംഗ് ട്രംപിനോട് ചോദ്യം ഉന്നയിച്ചു.
എന്നാൽ ഈ ചോദ്യം ചൈനയോട് ചോദിക്കാനായിരുന്നു ട്രംപിന്റെ മറുപടി. ലോകത്ത് എല്ലായിടത്തും കൊറോണ മൂലം ജീവൻ നഷ്ടപ്പെടുന്നുണ്ട്. നിങ്ങൾ ഇത് ചൈനയോട് ചോദിക്കേണ്ട ചോദ്യമാണ്. എന്നോട് ചോദിക്കരുത്.
ചൈനയോട് ചോദിക്കുക- ട്രംപ് പ്രതികരിച്ചു. എന്തിനാണ് തന്നോട് പ്രത്യേകമായി ഇത് പറയുന്നതെന്ന് ചൈനയിലെ ഷിയാമെനിൽ ജനിച്ച സിബിഎസ് ന്യൂസ് റിപ്പോർട്ടർ ട്രംപിനോട് തിരിച്ചു ചോദിച്ചു.
മോശം ചോദ്യം ചോദിക്കുന്നവർ ആരായാലും താൻ ഇത്തരത്തിൽ പ്രതികരിക്കുമെന്ന് ട്രംപ് മറുപടിയായി പറഞ്ഞു. എന്നാൽ ഇത് മോശം ചോദ്യമല്ലെന്നും എന്തുകൊണ്ടാണ് ടെസ്റ്റുകൾക്ക് പ്രാധാന്യം നൽകുന്നതെന്നും ജിയാംഗ് തിരിച്ചടിച്ചു.
ഉടനെ ട്രംപ് അടുത്ത ആൾ ചോദ്യം ചോദിക്കാൻ ആവശ്യപ്പെട്ടു. സിഎൻഎൻ മാധ്യമപ്രവർത്തക കോളിൻസ് ചോദ്യം ചോദിക്കാൻ തുടങ്ങിയപ്പോൾ ട്രംപ് തടഞ്ഞു.
തനിക്ക് ചോദ്യം ചോദിക്കാൻ കഴിയില്ലെ എന്ന ചോദ്യത്തിന് താൻ അവസരം നൽകിയിരുന്നെന്നും അത് പ്രയോജനപ്പെടുത്തിയില്ലെന്നുമായി ട്രംപ്.
ജിയാംഗിനു അവരുടെ ചോദ്യം പൂർത്തിയാക്കാൻ വേണ്ടിയാണ് താൻ സമയം നൽകിയതെന്നു കോളിൻസ് ട്രംപിനെ അറിയിച്ചു. എന്നാൽ കോളിൻസിന് അവസരം നൽകാതെ ട്രംപ് വാർത്താ സമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.
ഷിയാമെനിൽനിന്ന് ജിയാംഗിന് രണ്ട് വയസുള്ളപ്പോൾ ഇവരുടെ മാതാപിതാക്കൾ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറിയതാണ്. 2015 മുതൽ ജിയാംഗ് സിബിഎസ് ന്യൂസിൽ പ്രവർത്തിക്കുകയാണ്.