വാഷിംഗ്ണ് ഡിസി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള ഇറാൻ ഗൂഢാലോചന പരാജയപ്പെടുത്തിയെന്ന് അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). ട്രംപിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഇറാനു കൃത്യമായ പങ്കുണ്ടെന്നും മൂന്നുപേര്‍ക്കെതിരേ കേസെടുത്തെന്നും എഫ്ബിഐ അറിയിച്ചു.
ഇറാനിൽ താമസിക്കുന്ന ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) പ്രധാന അംഗമായ ഫർഹാദ് ഷാക്കേരി (51) ആണ് ട്രംപിനെ കൊലപ്പെടുത്താനുള്ള പദ്ധതിക്കു പിന്നിലെന്നും എഫ്ബിഐ വ്യക്തമാക്കി. സംഭവത്തില്‍ രണ്ട് അമേരിക്കൻ പൗരന്മാരെ അറസ്റ്റ് ചെയ്തെന്നും എഫ്ബിഐ വ്യക്തമാക്കി. ന്യൂയോർക്കിലെ ബ്രൂക്ലിൻ, സ്റ്റാറ്റൻ ഐലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള കാർലിസ്ലെ റിവേര (49), ജോനാഥൻ ലോഡ്ഹോൾട്ട് (36) എന്നീ അമേരിക്കൻ പൗരന്മാരാണ് പിടിയിലായത്.
ഷാക്കേരിയുടെ ഓഡിയോ റെക്കോര്‍ഡില്‍നിന്നാണ് ട്രംപിനെ കൊലപ്പെടുത്താൻ ഗുഢാലോചന നടത്തിയതായി എഫ്ബിഐ കണ്ടെത്തിയത്. ട്രംപിനെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ ഇറാൻ ഭരണകൂടം ഒക്ടോബർ ഏഴിന് ഷാക്കേരിയെ ചുമതലപ്പെടുത്തിയെന്നും എഫ്ബിഐ പറയുന്നു.
മോഷണക്കേസിൽ 14 വർഷം തടവ് അനുഭവിച്ച ശേഷം 2008ൽ അമേരിക്കയില്‍നിന്ന് ഇറാനിലേക്ക് നാടുകടത്തപ്പെട്ട കുറ്റവാളിയാണ് ഷാക്കേരി. ന്യൂയോർക്ക് സിറ്റിയിലെ രണ്ട് ജൂത-അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്താനും ഇയാൾ പദ്ധതിയിട്ടിരുന്നു.