വാഷിംഗ്ടൻ∙ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സർക്കാർ രൂപീകരണത്തിന് ഒരുക്കം തുടങ്ങി. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മാനേജർ സൂസി വൈൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി അദ്ദേഹം നിയമിച്ചു. പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചശേഷമുള്ള ട്രംപിന്റെ ആദ്യത്തെ സുപ്രധാന പ്രഖ്യാപനമാണിത്.
പ്രസിഡന്റിന്റെ വിശ്വസ്തയായി പ്രവർത്തിക്കുക എന്നതാണ് ചീഫ് ഓഫ് സ്റ്റാഫിന്റെ റോൾ. പ്രസിഡന്റ് ആരുമായി കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയും ചെയ്യുന്നു എന്നതിനെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്ക് ഇവർക്കാണ്. പ്രസിഡന്റിന്റെ രാഷ്ട്രീയ നയതാൽപര്യങ്ങളും ഈ പദവിയിൽ ഇരിക്കുന്നയാളാണ് കൈകാര്യം ചെയ്യുന്നത്. യുഎസ് ചരിത്രത്തിൽ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് സൂസി വൈൽസ്.
വരും ദിവസങ്ങളിൽ കാബിനറ്റ് അംഗങ്ങളെ അദ്ദേഹം നിശ്ചയിക്കും. മുൻ സിഐഎ ഡയറക്ടറും ഒന്നാം ട്രംപ് ഭരണത്തിൽ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന മൈക്ക് പോംപിയോ പ്രതിരോധ വകുപ്പിന്റെ മേധാവിയായേക്കാം. കെന്നഡി കുടുംബത്തിന്റെ പാരന്പര്യം പേറുന്ന റോബർട്ട് എഫ്. കെന്നഡി ജൂണിയറിന് ആരോഗ്യവകുപ്പിൽ പ്രധാന പദവി നല്കുമെന്ന സൂചന ട്രംപ് നല്കിയിട്ടുണ്ട്. ലോകത്തിലെ ഒന്നാം നന്പർ സന്പന്നൻ ഇലോൺ മസ്കിന് കാബിനറ്റിതര പദവി ട്രംപ് നല്കുമെന്നും സൂചനയുണ്ട്. ജനുവരി 20നാണ് ട്രംപിന്റെ സത്യപ്രതിജ്ഞ.