വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള ചർച്ചയിൽ മതസ്വാതന്ത്യം ചർച്ചയാകുമെന്ന് വൈറ്റ് ഹൗസ്.
പൗരത്വനിയമഭേദഗതി അടക്കം ചർച്ചയിൽ ഉന്നയിക്കപ്പെടാം. സംയുക്തപ്രസ്താവനയിലും വിഷയം പരാമർശിക്കപ്പെടാൻ സാധ്യതയെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.
ഇന്ത്യയുടെ ജനാധിപത്യ പാരന്പര്യത്തെ അമേരിക്ക ബഹുമാനിക്കുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അമേരിക്കയുടെ സാർവത്രിക മൂല്യങ്ങൾ ഉയർത്തിപിടിക്കാൻ തങ്ങൾ എപ്പോഴും ബാധ്യസ്ഥരാണ്.
ഇന്ത്യയേയും ഈ നയങ്ങൾ പിന്തുടരാൻ പ്രേരിപ്പിക്കും. സിഎഎയിൽ യുഎസിന് ആശങ്കയുണ്ടെന്ന സൂചനയും വൈറ്റ്ഹൗസ് പ്രതിനിധി നൽകി. അതേസമയം ഇന്ത്യ ആറ് ആണവ റിയാക്ടറുകൾ അമേരിക്കയിൽ നിന്ന് വാങ്ങാൻ പുതിയ കരാർ ഒപ്പുവച്ചേക്കും.
ഇന്ത്യ സന്ദർശനത്തിനിടെ വൻ കരാറുകൾക്ക് ശ്രമിക്കുന്നതായി ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് താലിബാൻ സമാധാന കരാറിൽ ഇന്ത്യ ആശങ്ക അറിയിക്കും. ഉടന്പടി ഫെബ്രുവരി 29നെന്ന് താലിബാൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള ചുങ്കം കുറയ്ക്കാനും വിലക്കുള്ള ഇനങ്ങളുടെ വിലക്ക് നീക്കാനും ട്രംപ് സമ്മർദം ചെലുത്തുമെന്ന സൂചനകഴിഞ്ഞ ദിവസം ട്രംപ് നൽകിയിരുന്നു.
സന്ദർശനത്തിനുള്ള ട്രംപിന്റെ ഔദ്യോഗികസംഘത്തിന്റെ വലുപ്പവും നിലവാരവും ഇന്നലെ ഉയർത്തിയത് ഇന്ത്യയിലേക്കുള്ള വരവിന് അദ്ദേഹം നല്കുന്ന മുന്തിയ പ്രാധാന്യം വ്യക്തമാക്കുന്നു.
ട്രഷറി സെക്രട്ടറി സ്റ്റീവൻ മനൂചിൻ, വാണിജ്യ സെക്രട്ടറി വിൽബർ റോസ്, ട്രംപിന്റെ മകൾ ഇവാങ്ക, മരുമകനും ട്രംപിന്റെ സീനിയർ ഉപദേഷ്ടാവുമായ ജാറെഡ് കുഷ്നർ എന്നിവരും സംഘത്തിലുണ്ടാകുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു.
ട്രംപും ഭാര്യ മെലാനിയയും എന്നായിരുന്നു വ്യാഴാഴ്ചവരെ അറിയിച്ചിരുന്നത്.
ഒരുകോടി പേർ സ്വീകരിക്കാനെത്തും: ട്രംപ്
വാഷിംടണ്‍: അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയതായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശ വാദം.
കൊളറാഡോയിൽ തെരഞ്ഞെടുപ്പു യോഗത്തിലാണ് യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന. തിങ്കളാഴ്ച ഇന്ത്യയിലെത്തുന്ന ട്രംപും ഭാര്യ മെലനിയയും അഹമ്മദാബാദിൽ 22 കിലോമീറ്റർ റോഡ്ഷോയിൽ മോദിയോടൊപ്പം പങ്കെടുക്കും.
ട്രംപിനെ വരവേൽക്കാൻ ഒരു ലക്ഷം പേരെയാണു പ്രതീക്ഷിക്കുന്നതെന്നു അഹമ്മദാബാദ് മുനിസിപ്പൽ കമ്മിഷണർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഹമ്മദാബാദിലെ ആകെ ജനസംഖ്യ 80 ലക്ഷത്തോളമാണ്.
രണ്ടാം തവണയാണു പരിപാടിയിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തെക്കുറിച്ച് ട്രംപ് അവകാശവാദം ഉന്നയിക്കുന്നത്. കഴിഞ്ഞയാഴ്ച 70 ലക്ഷം പേർ പങ്കെടുക്കുമെന്നായിരുന്നു വാദം. മോദി തന്നോടു ഇക്കാര്യം പറഞ്ഞുവെന്നായിരുന്നു അന്നത്തെയും നിലപാട്.