ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്തി. രണ്ടുദിവസത്തെ സന്ദർശനത്തിനാണ് ട്രംപ് എത്തിയിരിക്കുന്നത്. ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകൾ ഇവാങ്ക, ഇവാങ്കയുടെ ഭർത്താവ് ജാരേദ് കുഷ്നെർ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റായശേഷം ആദ്യമായാണ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഏഴാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്.
സഹപ്രവർത്തകരുമായുള്ള വിമാനം നേരത്തെയെത്തിയിരുന്നു. സുരക്ഷാ- യാത്രാസാമഗ്രികളുമായി ആറു ചരക്കുവിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി എത്തിക്കഴിഞ്ഞു.
ട്രംപിന് യാത്ര ചെയ്യാനുള്ള ’ബീസ്റ്റ്’ എന്ന അത്യാധുനിക ലിമോസിൻ കാർ എത്തിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഉപയോഗിക്കാനുള്ള ’മറീൻ-വണ്’ ഹെലികോപ്റ്ററും എത്തിച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, മേയർ ബിജൽ പട്ടേൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
റോഡ്ഷോ
അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ആരംഭിക്കുന്ന 22 കിലോമീറ്റർ റോഡ്ഷോയിൽ ട്രംപും മോദിയും പങ്കെടുക്കും. സബർമതി ആശ്രമത്തിലെത്തിയാൽ ട്രംപിനും സംഘത്തിനും ആവശ്യമെങ്കിൽ ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.
അരമണിക്കൂർ മാത്രമാണ് ചെലവഴിക്കുക. നദീതീരത്തെ വേദിയിൽനിന്ന് അഹമ്മദാബാദ് ഓൾഡ് സിറ്റി വീക്ഷിക്കാൻ കഴിയും. ആശ്രമത്തിൽ നിന്നിറങ്ങിയാൽ റോഡ് ഷോ പുനരാരംഭിക്കും.
ഉച്ചയ്ക്ക് 1.05ന് അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയത്തിൽ “നമസ്തേ ട്രംപ് ‘ പരിപാടി. ഒരു ലക്ഷത്തോളം പേർ ഇതിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
3.30-ഓടെ പരിപാടികൾ അവസാനിപ്പിക്കും. സ്റ്റേഡിയത്തിനുപിന്നിൽ പുതുതായി നിർമിച്ച റോഡിലൂടെയോ ഹെലികോപ്റ്ററിലോ ആകും ട്രംപിന്റെ വിമാനത്താവളത്തിലേക്കുള്ള മടക്കയാത്ര.
പ്രധാനമന്ത്രി വ്യോമസേനാ വിമാനത്തിൽ ഡൽഹിക്കും ട്രംപ് എയർഫോഴ്സ്-വണ്ണിൽ ആഗ്രയ്ക്കും തിരിക്കും. താജ്മഹൽ സന്ദർശിച്ചശേഷം രാത്രിയോടെ ഡൽഹിയിലെത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി നാളെയാണ് ട്രംപ് കൂടിക്കാഴ്ച നടത്തുക.
അമേരിക്കൻ എംബസി സംഘടിപ്പിക്കുന്ന രണ്ടു ചടങ്ങുകളിലും രാഷ്ട്രപതി നൽകുന്ന അത്താഴവിരുന്നിലും പങ്കെടുത്ത ശേഷം രാത്രി 10-ന് യുഎസ് പ്രസിഡന്റ് മടങ്ങും.
പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഭീകരതയ്ക്കെതിരേ പോരാട്ടം, ഊർജ സുരക്ഷ, മതസ്വാതന്ത്യം തുടങ്ങിയവ മോദി-ട്രംപ് ചർച്ചയിൽ വിഷയമാകുമെന്നാണു സൂചന.
മോദി ഏറ്റവും അടുത്ത സുഹൃത്ത്
ഇന്ത്യയിലേക്കു പോകുന്നതിന്റെ ആവേശത്തിലാണു താനെന്നും നരേന്ദ്ര മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ഇന്ത്യയിലേക്കു തിരിക്കും മുന്പ് വൈറ്റ്ഹൗസിൽ ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ട്രംപിന്റെ സന്ദർശനം നമുക്ക് അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ട്രംപിന്റെ സന്ദർശനാർഥം അഹമ്മദാബാദിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 10,000 പോലീസുകാരെ നഗരത്തിൽ വിന്യസിച്ചു.
ഇതുകൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രട്ട് സർവീസ്, ഇന്ത്യയിലെ സവിശേഷ സേനാവിഭാഗമായ നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്(എൻഎസ്ജി), സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയും ട്രംപിനു സുരക്ഷയൊരുക്കാനുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രട്ട് സർവീസ് സംഘം ഉപകരണങ്ങളും വാഹനങ്ങളുമായി ഒരാഴ്ച മുന്പ് എത്തിയിരുന്നു.
ആഗ്രയിലും വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. യുഎസ് സീക്രട്ട് സർവീസ്, യുപി പോലീസ്, പാരാമിലിട്ടറി സേന, എൻഎസ്ജി, പിഎസി, പോലീസ് കമാൻഡോകൾ എന്നിവ ട്രംപിനു സുരക്ഷയൊരുക്കും.