മയാമി: ന്യൂഡൽഹി മുതൽ ലണ്ടൻവരെ തീവ്രവാദ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളയാളാണ് ഇറേനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സുലൈമാനിയെ യുഎസ് സേന വധിച്ചശേഷം സംസാരിക്കുകയായിരുന്നു ട്രംപ്.
ഇന്ത്യയിൽ സുലൈമാനി ആസൂത്രണം ചെയ്ത ആക്രമണം ഏതാണെന്ന് ട്രംപ് വിശദീകരിച്ചില്ല.
2012 ഫെബ്രുവരിയിൽ ഇന്ത്യയിലെ ഇസ്രേലി ഡിഫൻസ് അറ്റാഷെയുടെ ഭാര്യയുടെ കാറിനു നേർക്കുണ്ടായ ബോംബാക്രമണമാകാം ഇതെന്ന് കരുതുന്നു. ഭാര്യയ്ക്കും ഡ്രൈവർക്കും റോഡിലുണ്ടായിരുന്ന രണ്ടു പേർക്കും സ്ഫോടനത്തിൽ പരിക്കേറ്റു.
ആക്രമണത്തിനു പിന്നിൽ ഇറാൻ ആണെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഡൽഹി പോലീസിന്റെ അന്വേഷണം പൂർത്തിയായിട്ടില്ല. ഇറാൻ റെവലൂഷണറി ഗാർഡിലെ അഞ്ച് അംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഡൽഹി പോലീസ് അന്ന് പറഞ്ഞിരുന്നു. ഇവരെ പിടികൂടാനായിട്ടില്ല. ഇവർക്കു വേണ്ടി പ്രവർത്തിച്ചുവെന്നാരോപിച്ച് സയ്യദ് മുഹമ്മദ് അഹമ്മദ് കസ്മി എന്ന മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബാഗ്ദാദിൽ വീണ്ടും യുഎസ് മിസൈൽ ആക്രമണം നടന്നെന്നും ഇല്ലെന്നും
ബാഗ്ദാദ്: ഇറേനിയൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനകം യുഎസ് സേന ബാഗ്ദാദിൽ വീണ്ടും വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ട്.
നഗരത്തിന്റെ വടക്ക് താജിയിൽ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട ആക്രമണത്തിൽ ഷഹേദ് അൽ ഷാബി എന്ന ഇറാക്കി പൗരസേനയിലെ ആറ് അംഗങ്ങൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ തങ്ങൾ ഇവിടെ ആക്രമണം നടത്തിയിട്ടില്ലെന്ന് യുഎസ് സേനാ വൃത്തങ്ങൾ പ്രതികരിച്ചു.
കഴിഞ്ഞദിവസം യുഎസ് സേന ബാഗ്ദാദിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇറാൻ റവലൂഷണി ഗാർഡ്സിലെ ഖുദ്സ് ഫോഴ്സിന്റെ തലൻ സുലൈമാനിയും ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷഹേദ് അൽ ഷാബി സേനയുടെ ഡെപ്യൂട്ടി കമാൻഡർ അൽ മുഹാന്ദിസും അടക്കമുള്ളവർ കൊല്ലപ്പെട്ടിരുന്നു.
മെഡിക്കൽ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ഷഹേദ് അൽ ഷാബി പ്രസ്താവന ഇറക്കിയിട്ടുണ്ടെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.
യുഎസ് എംബസിക്കു സമീപം ആക്രമണം
ബാഗ്ദാദിലെ യുഎസ് എംബസിക്കു സമീപം ഇന്നലെ രാത്രിയോടെ മിസൈൽ പതിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കൂടാതെ യുഎസ് സേനയുടെ വടക്കൻ ബാഗ്ദാദിലെ ബലാദ് മിലിട്ടറി ബേസിൽ രണ്ടു റോക്കറ്റുകൾ പതിച്ചതായും റിപ്പോർട്ടുണ്ട്. ആർക്കും പരിക്കി ല്ല. ആക്രമണത്തിനു പിന്നിൽ ആരെന്നു വ്യക്തമല്ല.