വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ ദിവസം അന്തരിച്ച യുഎസ് മുൻ വിദേശകാര്യ സെക്രട്ടറി കോളിൻ പവലിനെ വിമർശിച്ച് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഗൾഫ് യുദ്ധകാലത്ത് യുഎസ് സൈന്യത്തെ നയിച്ച കോളിൻ പവൽ ഇറാക്കിൽ വലിയ തെറ്റുകൾ വരുത്തിയെന്നാണ് ട്രംപിന്റെ വിമർശനം.
മരണാനന്തരം അമേരിക്കയിലും ലോകമാകെയും പവലിന്റെ രാഷ്ട്രീയ നയതന്ത്ര പാടവത്തെ ആദരവോടെയും സ്നേഹത്തോടെയും സ്മരിച്ചപ്പോളാണ് ട്രംപിന്റെ കടുത്ത വിമർശനമുണ്ടായിരിക്കുന്നത്.
പവൽ വിശ്വസ്തതയില്ലാത്ത റിപ്പബ്ലിക്കനാണ്. ഇറാക്കിൽ വലിയ തെറ്റുകൾ വരുത്തിയ അദ്ദേഹത്തെ മരണശേഷം വാർത്താ മാധ്യമങ്ങൾ മനോഹരമായി വാഴ്ത്തുന്നത് കാണാൻ നല്ലരസമുണ്ട്.
ഒരു നാൾ എന്നോടും ഇതു ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പരിഹസിച്ചു.
ട്രംപിനെതരേ നിരന്തരം വിമർശനം ഉന്നയിച്ചിരുന്നയാളാണ് പവൽ. കഴിഞ്ഞ ദിവസമാണ് കോവിഡ് രോഗബാധമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.
റിപ്പബ്ലിക്കൻ പ്രസിഡന്റുമാരുടെ ഭരണകാലത്തു യുഎസിന്റെ വിദേശനയം രൂപീകരിക്കുന്നതിനു നേതൃത്വം നൽകിയിരുന്ന പവൽ 1987-89 കാലത്ത് റൊണാൾഡ് റീഗൻ ഭരണത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു.
1989ൽ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ പദവിയും വഹിച്ചു. 2011ൽ ജോർജ് ബുഷ് പ്രസിഡന്റായിരിക്കുന്പോൾ സ്റ്റേറ്റ് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു.
ഈ പദവിയിലെത്തിയ ആദ്യത്തെ കറുത്തവംശജനാണ് പവൽ. ഇറാക്ക് അധിനിവേശത്തിന്റെ പേരിൽ പവലിന് ഏറെ വിമർശനം ഉയർന്നിരുന്നു.