വാഷിംഗ്ടണ് ഡിസി: കോവിഡ്-19 വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാൻ അമേരിക്കയിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക കുടിയേറ്റ വിലക്ക് 60 ദിവസത്തേക്ക് നീട്ടി.
സ്ഥിരതാമസരത്തിനുള്ള ഗ്രീൻ കാർഡ് അപേക്ഷകൾ അടുത്ത അറുപത് ദിവസത്തേക്ക് അമേരിക്ക സ്വീകരിക്കില്ല. പ്രസിഡന്റ്് ഡോണൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ സാന്പത്തിക സ്ഥിതി പരിഗണിച്ചാകും ഇത് സംബന്ധിച്ച് കൂടുതൽ തീരുമാനം കൈക്കൊള്ളുകയെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ പൗരന്മാരുടെ തൊഴിൽ സംരക്ഷണം ലക്ഷ്യമിട്ടാണ് വിലക്ക് സംബന്ധിച്ച തീരുമാനമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കോവിഡ് വ്യാപനത്തേത്തുടർന്ന് രാജ്യത്ത് പ്രതിസന്ധികളുണ്ടെന്നും അമേരിക്കൻ പൗരന്മാരുടെ തൊഴിൽ സംരക്ഷിക്കേണ്ടത് ആവശ്യകതയാണെന്നും ട്രംപ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അറുപത് ദിവസത്തിന് ശേഷം രാജ്യത്തെ സ്ഥിതിഗതികൾ പരിശോധിച്ച ശേഷം നിയന്ത്രണം നീട്ടുകയോ പിൻവലിക്കുകയോ ചെയ്യും – പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് ട്രംപ് പറഞ്ഞു.
അതേസമയം ടൂറിസ്റ്റ്, എച്ച് 1ബി , സ്റ്റൂഡന്റ് എന്നീ താൽക്കാലിക വീസകൾക്കു പുതിയ നടപടി ബാധകമല്ല. താൽക്കാലിക പ്രവേശനത്തെ ബാധിക്കില്ലെന്ന ട്രംപിന്റെ വാക്കുകൾ ഐടി പ്രഫഷനുകൾക്ക് ആശ്വാസകരമാണ്.
ലോക് ഡൗണിനെ തുടർന്ന് രാജ്യത്ത് കഴിഞ്ഞയാഴ്ച വരെ രണ്ടു കോടിയിലധികം പേരാണ് തൊഴിൽരഹിത ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകിയത്.
കുടിയേറ്റക്കാർക്ക് രാജ്യത്ത് ജീവിക്കാനും തൊഴിൽ ചെയ്യാനും ഉള്ള അനുമതിയാണ് താൽകാലികമായി ട്രംപ് സർക്കാർ വിലക്കുന്നത്. കഴിഞ്ഞ വർഷം 10 ലക്ഷം പേർക്ക് അമേരിക്ക ഗ്രീൻ കാർഡ് നൽകിയിരുന്നു.
അതേസമയം കോവിഡിന്റെ മറവിൽ കുടിയേറ്റ നിരോധനം നടപ്പാക്കുകയാണ് ട്രംപ് ഭരണകൂടമെന്ന് വിമർശനമുയർന്നു കഴിഞ്ഞു. വൈറസ് വ്യാപനത്തിനെതിരായ നടപടികൾ സ്വീകരിക്കുന്നതിലും പ്രതിരോധ പ്രവർത്തനങ്ങളിലും സംഭവിച്ച വീഴ്ച മറയ്ക്കാനാണ് ട്രംപ് കുടിയേറ്റ വിലക്ക് പ്രഖ്യാപിച്ചതെന്ന് ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തി.
കുടിയേറ്റം സംബന്ധിച്ച് ട്രംപിന് നേരത്തെ തന്ന ഒരു നിലപാട് ഉണ്ടായിരുന്നതാണെന്നും ആ നിലപാടിനെ സംരക്ഷിക്കാൻ ഇപ്പോൾ കോവിഡിനെ മറയാക്കുകയാണന്നും അവർ കുറ്റപ്പെടുത്തുന്നു.