വാഷിംഗ്ടൺ ഡിസി: പതിനായിരങ്ങളുടെ ജീവൻ ഇതിനകം തന്നെ അപഹരിച്ച കോവിഡ് രോഗം ജൂൺ ആരംഭം മുതൽ ദിവസത്തിൽ 3000 പേരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്.
ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റും ഹെൽത്ത് ആൻഡ് ഹുമൺ സർവീസസും സംയുക്തമായി നൽകിയ മുന്നറിയിപ്പിലാണ് ഈ വിവരം.
കോവിഡ് കേസുകൾ ഇപ്പോൾ ഉള്ളതിനേക്കാൾ ജൂൺ മുതൽ ക്രമാതീതമായി വർധിക്കുമെന്നും ചൂണ്ടികാണിച്ചിട്ടുണ്ട്. മേയ് മൂന്നിനു പ്രസിഡന്റ് ട്രംപാണ് ഇതു സംബന്ധിച്ച സൂചന മാധ്യമങ്ങൾക്ക് നൽകിയത്.
വൈറ്റ് ഹൗസിന്റേയോ, ടാക്സ് ഫോഴ്സിന്റെയോ ഔദ്യോഗിക റിപ്പോർട്ടായി ഇതിനെ പരിഗണിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ് സ്പോക്ക്മാൻ ജൂഡ് ഡീറി പറഞ്ഞു. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ഇതേ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
മൂവായിരം മരണത്തിനു പുറമെ ദിനംതോറും 200,000 കൊറോണ പോസീറ്റിവ് കേസുകളും ഉണ്ടാകുമെന്ന് ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടുകളിൽ നിന്നാണ് ഇത്തരമൊരു നിഗമനത്തിലെത്തി ചേർന്നിട്ടുള്ളത്.2020 അവസാനത്തോടെ കോവിഡിനെതിരെ ഫലപ്രദമായ വാക്സിൻ കണ്ടെത്തുമെന്ന് ട്രംപ് ഉറപ്പു നൽകി.
റിപ്പോർട്ട്: പി.പി. ചെറിയാൻ