അതിരപ്പിള്ളിയില് നൊമ്പരക്കാഴ്ചയാകുകയാണ് തുമ്പിക്കൈയ്യില്ലാത്ത കുട്ടിയാന. കഴിഞ്ഞദിവസം ഏഴാറ്റുമുഖം വനമേഖലയില് കണ്ട ഇതിന്റെ ശോഷിച്ച അവസ്ഥ മൃഗസ്നേഹികളെയാകെ ദുഖിതരാക്കുകയാണ്.
ഏഴ് മാസം മുന്പ് ആദ്യമായി കാണുമ്പോള് ആനക്കുട്ടിയുടെ ആകാരം ശോഷിച്ചിട്ടുണ്ടായിരുന്നില്ല.
നാലാം വട്ടം ആളുകളുടെ കണ്ണില്പെട്ടപ്പോള് ഈ കുട്ടിയാന ക്ഷീണിതനോ, ക്ഷീണിതയോയാണ് കാണപ്പെടുന്നത്.
അമ്മയില് നിന്നും വേറിട്ട നിലയിലാകുമ്പോള് മുലകുടി മാറിയെന്ന് സാരം. സാധാരണ കുട്ടിയാനകള് അഞ്ചും ആറും വയസുവരെ മുലകുടി തുടരും.
അസാധാരണ നിലയിലെ ഇതിന്റെ അവസ്ഥയില് മുലയൂട്ടല് കാലേക്കൂട്ടി നിലച്ചതാണോയെന്നും നിശ്ചയമില്ല.
എന്തായാലും തുമ്പിക്കൈയില്ലാത്ത ആനക്കുട്ടിക്ക് നാല് വയസുണ്ടെന്നാണ് വെറ്ററിനറി സര്ജന്മാരുടെ അനുമാനം.
അംഗ വൈകല്യമുണ്ടെങ്കിലും മുതിര്ന്ന ആനകള് കൈവിടില്ലെന്നും കാലക്രമേണ ഇത് പരിമിതികളുമായി പൊരുത്തപ്പെടുമെന്നും വനപാലകരും പറയുന്നു.
മറ്റുള്ളവയെപ്പോലെ കാട്ടിലെ എല്ലാ ഭക്ഷണവും കഴിക്കാന് കുട്ടിയാനയ്ക്ക് സാധിക്കുന്നില്ല. പുല്ലുമാത്രമാണ് ശരണം.
ഉയരം കൂടിയാല് ഇതിനും പ്രയാസമാകും. കൊമ്പനാണെങ്കില് ഇതിന്റെ ജീവിതം കഠിനമാകും.
ഇതൊക്കെയാണ് മൃഗസ്നേഹികളുടെ വ്യാകുലത. ജന്മനാലുള്ള വൈകല്യമോ, ഏതെങ്കിലും വിധമുള്ള അപകടമോ ആയിരിക്കാം തുമ്പിക്കൈയുടെ മുകളറ്റം മുറിഞ്ഞു പോയ നിലയില് കാണപ്പെടുന്നതിന്റെ കാരണമെന്നാണ് നിഗമനം.