എരുമേലി: അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി അവസാനിക്കുന്ന ഇന്നലെ പോലീസും ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരും ശബരിമല പാതയിലുടനീളം ഒരു സ്ത്രീയെ തെരയുകയായിരുന്നു. കണ്ടാല്‍ പുരുഷനാണെന്ന് തോന്നിക്കുന്ന തലമുടി കഴുത്തറ്റമാക്കി പറ്റെ മുറിച്ച ആ സ്ത്രീയുടെ പേര് തൃപ്തി ദേശായി.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുള്ള ഇവരുടെ വിവിധ ഫോട്ടോകളുമായാണ് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പോലീസ് ഇന്നലെ രാത്രി ഒമ്പതര വരെ ജാഗ്രതയിലും നിരീക്ഷണത്തിലുമായിരുന്നത്. എല്ലാ സ്ത്രീകളേയും പ്രായപരിധിയില്ലാതെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തി വിവാദം സൃഷ്ടിച്ച തൃപ്തി ദേശായി ഇന്നലെ ശബരിമലയിലേക്ക് പുറപ്പെട്ടെന്ന വിവരം ലഭിച്ചതാണ് പോലീസിനെ ജാഗ്രതയിലാക്കിയത്. എന്നാല്‍ തൃപ്തിദേശായിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ലഭിച്ച വിവരം തെറ്റാണെന്ന് ഉറപ്പിച്ചെങ്കിലും പോലീസ് ജാഗ്രത അവസാനിപ്പിച്ചിട്ടില്ല.
എരുമേലിയിലും പമ്പയിലും വനിതാ പോലീസുകാരെ പ്രത്യേകമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. വിവരമറിഞ്ഞ് രണ്ടിടത്തും ദൃശ്യമാധ്യമങ്ങളും എത്തിയിരുന്നു. തൃപ്തി ദേശായി വന്നാല്‍ അടിച്ച് ഓടിക്കാനായിരുന്നു ചില സംഘടനകളുടെ തീരുമാനം. ഈ വിവരമറിഞ്ഞ് മൂന്ന് ജില്ലകളിലും കൂടുതല്‍ പോലീസ് തയാറായി ഇരിക്കണമെന്ന് പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു.
തൊടുപുഴയ്ക്കടുത്ത് മുട്ടത്ത് വച്ച് വെള്ള സ്വിഫ്റ്റ് കാറില്‍ തൃപ്തി ദേശായിയെ ഇന്നലെ ഉച്ചക്ക് 12.30 ാടെ കണ്ടെന്ന് ഒരു അയ്യപ്പഭക്തന് പത്തനംതിട്ട ജില്ലാ പോലീസില്‍ അറിയിച്ചതാണ് ജാഗ്രതയിലേക്ക് എത്തിയത്.ഇടുക്കി, കോട്ടയം ജില്ലകളില്‍ ഇതോടെ പോലീസ് സ്റ്റേഷന് പരിധിയിലെല്ലാം വാഹനപരിശോധന ആരംഭിച്ചു. എരുമേലി വഴി ശബരിമലയില്ക്ക്േ വരുമെന്ന സൂചനയില്‍ എരുമേലിയില്‍ പരിശോധന ശക്തമാക്കിയിരുന്നു.
വൈകുന്നേരത്തോടെ പമ്പയില്‍ ഊര്‍ജിത പരിശോധന കര്‍ശനമാക്കി. രാത്രി ഒന്‍പതരയോടെ നട അടക്കുന്നത് വരെ പോലീസ് കനത്ത ജാഗ്രതയിലായിരുന്നു. അതേ സമയം തൃപ്തി ദേശായി പൂനെയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകാഞ്ഞത് പോലീസില്‍ ശക്തമായ നിരീക്ഷണത്തിന് പ്രേരണയായി.