തൃശൂർ: കോർപറേഷൻ പരിധിയിൽ ഒരാൾക്കു പോലും ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ സമയത്തു ഭക്ഷണം കിട്ടാതെ വരരുത് എന്ന ലക്ഷ്യത്തോടെ ഫാ. ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന ഹംഗർ ഹണ്ട് കോർപറേഷനിലും നടപ്പിലാക്കുന്നു. കോർപറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി.
കോർപറേഷൻ പരിധിയിൽ താമസിക്കുന്നവർക്ക് തൃശൂർ കോർപറേഷന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ജയിൽ വകുപ്പിന്റെയും ആക്ട്സിന്റെയും സഹായത്തോടെ ഭക്ഷണ കിറ്റുകൾ ഭവനങ്ങളിൽ എത്തിക്കുന്നതാണ് പദ്ധതി.
ഇതിനു പുറമേ തെരുവിൽ കഴിയുന്ന എല്ലാവർക്കും ഹംഗർ ഹണ്ടിന്റെ ഭാഗമായി മൂന്നുനേരവും ഭക്ഷണം എത്തിക്കുകയും കോർപറേഷൻ പരിധിയിലുള്ള എല്ലാ അഗതിമന്ദിരങ്ങളിലുള്ളവർക്കും എട്ടുദിവസം ഭക്ഷണത്തിനു വേണ്ടതായ പലചരക്ക് – പച്ചക്കറികൾ അടങ്ങുന്ന കിറ്റ് എത്തിച്ചുകൊടുക്കുകയും ചെയ്യും.
കോർപറേഷൻ പരിധിയിലുള്ള കുടുംബങ്ങൾക്കു ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കിൽ ഫോണ്‍ മുഖേന ആവശ്യം അറിയിച്ചാൽ 24 മണിക്കൂറിനുള്ളിൽ വീട്ടുപടിക്കൽ സാധനങ്ങൾ എത്തിക്കും.
ഇതുസംബന്ധിച്ച് മേയറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, ഷീബ ബാബു, സാറാമ്മ റോബ്സണ്, കൗണ്‍സിലർമാരായ സി.പി. പോളി, എ.ആർ. രഘുനാഥ്, കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, ഫാ. ഡേവീസ് ചിറമ്മൽ, ഫാ. ഡേവീസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി ജോസ്, ആക്ട്സ് ഭാരവാഹി ലൈജു സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
ഭക്ഷണത്തിനായി വിളിക്കേണ്ട നന്പറുകൾ
സി.വി. ജോസ് – 9447883378
ലൈജു സെബാസ്റ്റ്യൻ – 847731900
ബാബു ചിറ്റിലപ്പിള്ളി – 9744002152
പ്രഫ. എലിസബത്ത് മാത്യു – 8848735384
ഡോ. വി.വി. റോസ് – 9447959388