കഴിഞ്ഞ കുറേ ദിവസമായി ധര്മജന് ബോള്‍ഗാട്ടിയെ ചുറ്റിപ്പറ്റിയുള്ള അപവാദങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ പഞ്ഞമില്ല. ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ധര്മജന് വന്‍തുക ചോദിച്ചു വാങ്ങുന്ന ആളാണെന്നുള്ള തരത്തിലായിരുന്നു കമന്റുകള്‍ ഏറെയും. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നു തെളിവു സഹിതം പറയുകയാണ് ധര്‍മജന്റേതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രമായ ചിക്കന്‍ കോക്കാച്ചിയുടെ അണിയറക്കാര്‍. ധര്മജന് സത്യസന്ധതയുടെയും മനുഷ്യത്വത്തിന്റെയും പ്രതിരൂപമാണെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ പറയുന്നത്.
ചിക്കന്‍ കോക്കാച്ചിയുടെ അണിയറ പ്രവര്‍ത്തകരുടെ പോസ്റ്റ് ഇങ്ങനെ
ഞങ്ങള്‍ക്കറിയുന്ന ധര്മജന് ബോള്‍ഗാട്ടി :
ഒരു സിനിമ ഉണ്ടാക്കുക എന്നത് വളരെ കഷ്ടപ്പാടുള്ള ഒരു ജോലിയാണ്. സിനിമയില്‍ പുതിയ ആളുകളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട, കൂടെ പ്രവര്‍ത്തിക്കുന്നവര്‍ വരെ കാലുവാരാന്‍ നോക്കും.’ചിക്കന്‍ കോക്കാച്ചി’ എന്ന സിനിമ എടുത്തപ്പോള്‍ ഇതുപോലെയുള്ള ഒരുപാട് അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് നേരിടേണ്ടിവന്നു. ഞങ്ങളുടെ പരിചയക്കുറവ് മുതലാക്കി പണം തട്ടുകയായിരുന്നു മിക്ക ആളുകളുടെയും ലക്ഷ്യം. ആ കൂട്ടത്തിലൊന്നും പെടാത്ത, മനുഷ്യത്വമുള്ള ഒരാളാണ് ധര്മജന് ചേട്ടന്.
ചിക്കന്‍ കോക്കാച്ചിയുടെ കഥ കേട്ടപ്പോള്‍ തന്നെ ഞങ്ങള്‍ പുതിയ ആളുകളാണ് എന്ന് നോക്കാതെ അഭിനയിക്കാമെന്ന് വാക്കുതന്നെ ആളാണ് ധര്മജന് ചേട്ടന്. ഷൂട്ട് തുടങ്ങി അവസാനിക്കുന്നത് വരെ അദ്ദേഹം തന്റെ ജോലിയില്‍ കൃത്യത പുലര്‍ത്തി. അവസാനം ഷൂട്ട് കഴിഞ്ഞു പോകുന്ന ദിവസം അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ ബാക്കി കൊടുത്തപ്പോള്‍ “അതൊന്നും വേണ്ടടാ” എന്നുപറഞ്ഞിട്ട് ചിരിച്ചുകൊണ്ട് ഞങ്ങളോട് യാത്ര പറഞ്ഞ ആളാണ് ധര്മജന് ചേട്ടന്.
പിന്നീട് ഞങ്ങള്‍ അദ്ദേഹത്തെ കാണുന്നത് സിനിമയുടെ ഡബ്ബിങ് സമയത്താണ്. അന്നും ധര്മജന് ചേട്ടന് ഞങ്ങള്‍ കൊടുത്ത പണം ചിരിച്ചുകൊണ്ട് നിരസിച്ചു.ട്രാവല്‍ അലവന്‍സ് പോലും വാങ്ങാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. അദ്ദേഹത്തിന് പണത്തിനേക്കാള്‍ വലുതാണ് സ്നേഹബന്ധം എന്ന് ഞങ്ങള്‍ക്ക് അന്ന് മനസ്സിലായി.
ധര്മജന് ചേട്ടനെക്കുറിച്ച് ഈയിടെ ചില ആരോപണങ്ങള്‍ കേള്‍ക്കുവാന്‍ ഇടയായി. ധര്മജന് ചേട്ടനെ വ്യക്തിപരമായി അറിയുന്നവരാരും അത്തരം ഒരു ആരോപണം ഉന്നയിക്കില്ല എന്ന് ഞങ്ങള്ക് ഉറപ്പുണ്ട്. പണത്തിനോട് ആര്‍ത്തിയുള്ള ഒരാളായിരുന്നെങ്കില്‍ ഞങ്ങളുടെ സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം അദ്ദേഹം കണക്കുപറഞ്ഞു വാങ്ങുമായിരുന്നു.സ്വന്തം പ്രയത്നം കൊണ്ടുതന്നെയാണ് എല്ലാ കലാകാരന്മാരും വളരുന്നത്. ആ വളര്‍ച്ചയില്‍ ആരും അസൂയ പൂണ്ടിട്ട് കാര്യമില്ല. ഏതെങ്കിലും ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ട് ഒരു കലാകാരനും വിലയിടരുത്.