സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഒറ്റപ്പാലത്ത് അരങ്ങേറിയത് സിനിമാസ്റ്റൈല്‍ സംഭവങ്ങള്‍. യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം.
ഇടിക്കാന്‍ ശ്രമിച്ച കാറിന്റെ ബോണറ്റില്‍ അള്ളിപ്പിടിച്ച് രണ്ടരക്കിലോമീറ്ററാണ് യുവാവ് യാത്ര ചെയ്തത്.കാറോടിച്ചയാളെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു.
പെരിന്തല്‍മണ്ണ താഴേക്കോട് ചോലമുഖത്ത് ഫാസിലിനെ(27)യാണ് അപായപ്പെടുത്താന്‍ ശ്രമം നടന്നത്. കാറോടിച്ച ഒറ്റപ്പാലം ചുനങ്ങാട് പിലാത്തറ പണിക്കവീട്ടില്‍ ഉസ്മാനാ(32)ണ് അറസ്റ്റിലായത്.
ഒറ്റപ്പാലം പത്തൊമ്പതാം മൈലില്‍ ഇന്നലെ രാവിലെ ആറോടെയാണു സംഭവം. ലെതര്‍ ബാഗിന്റെയും ബെല്‍റ്റിന്റെയും മൊത്തവ്യാപാരം നടത്തുന്ന ഫാസില്‍ കച്ചവടവുമായി ബന്ധപ്പെട്ട് കിട്ടാനുള്ള പണം വാങ്ങുന്നതിനാണ് ഫാന്‍സി സാധനങ്ങളുടെ വില്‍പ്പനക്കാരനായ ഉസ്മാനെ തേടി എത്തിയത്.
ഉസ്മാന് കാറില്‍ വരുന്നതു കണ്ടു കൈകാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. ഉസ്മാന് കാര്‍ ഇടിപ്പിക്കാന്‍ ശ്രമിച്ചെന്നും രക്ഷപ്പെടാനായി ഫാസില്‍ ബോണറ്റിലേക്കു ചാടിക്കയറിയെന്നുമാണു പറയുന്നത്. വൈപ്പറില് പിടികിട്ടിയതിനാല്‍ തെറിച്ചുവീണില്ല.
റോഡിലൂടെ ചീറിപ്പാഞ്ഞ കാറില്‍ പിടിവിടാതെ കിടന്നതിനാലാണ് ഫാസില്‍ രക്ഷപ്പെട്ടത്. രണ്ടര കി.മീ. കഴിഞ്ഞപ്പോഴേക്കും ഉസ്മാന് കാര്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി.
അപകടകരമായ വിധം വാഹനമോടിച്ചതിനാണ് ഉസ്മാനെതിരേ കേസെടുത്തത്. ഉസ്മാന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് ശിപാര്‍ശ നല്‍കും. കസ്റ്റഡിയിലെടുത്ത കാര്‍ കോടതിയില്‍ ഹാജരാക്കും.