പാലാ: പ്രഫ. ടി.എസ്. ജോസഫിന്റെ വിയോഗത്തിലൂടെ നഷ്ടമായത് നിരവധി ദേശീയ അന്തർദേശീയ കായികതാരങ്ങളെ വാർത്തെടുത്ത പ്രതിഭാധനനായ കായികാധ്യാപകനെയും കായികരംഗത്തെ ഹൃദയത്തോടു ചേർത്തുവച്ച മികച്ച സംഘാടകനെയുമാണ്.
പാലാ സെന്റ് തോമസ് കോളജ് തുടങ്ങിയ കാലം മുതൽ 1988 ൽ റിട്ടയർ ചെയ്യുന്നതു വരെ കോളജിന്റെ കായിക വിഭാഗം മേധാവിയായിരുന്നു. ഇന്ത്യൻ വോളിബോൾ ഇതിഹാസമായിരുന്ന ജിമ്മി ജോർജ്, ജോസ് ജോർജ്, അബ്ദുൽ റസാഖ്, എസ്. ഗോപിനാഥ് ഐപിഎസ്, ഡോക്ടർ ജോർജ് മാത്യു, അന്തർദേശീയ നീന്തൽ താരം വിൽസണ്‍ ചെറിയാൻ തുടങ്ങിയ നൂറുകണക്കിന് ദേശീയ-അന്തർദേശീയ കായികതാരങ്ങളെ വാർത്തെടുത്തത് ഇദ്ദേഹമായിരുന്നു.
തുടർച്ചയായി 25 വർഷം കോട്ടയം ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറിയായും രണ്ടുവർഷം കേരള സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ, ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ എന്നിവയിൽ അംഗമായിരുന്നു. അത്ലറ്റിക്സ് വോളിബോൾ എന്നീ ഇനങ്ങളിൽ ദേശീയ സംസ്ഥാന മത്സരങ്ങളിലും ദീർഘകാലം ടെക്നിക്കൽ ഒഫീഷലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സെന്റ് തോമസ് കോളജിലെ കായികവിഭാഗം മേധാവിയായി തുടക്കത്തിൽതന്നെ ചുമതലയേറ്റ അദ്ദേഹം 35 വർഷക്കാലം കായികവകുപ്പിന്റെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനമാണ് നടത്തിയത്. സെന്റ് തോമസ് കോളജിന് സ്വിമ്മിംഗ് പൂളും മൈതാനവും ഹോസ്റ്റലുകളും നിർമിക്കപ്പെട്ടതും അദ്ദേഹത്തിന്റെ കാലത്തായിരുന്നു.
പാലായിൽ നടന്ന വോളിബോൾ, അത്ലറ്റിക് നാഷണൽ ചാന്പ്യൻഷിപ്പുകളുടെ സംഘാടകനും കൂടിയായിരുന്നു അദ്ദേഹം. വോളിബോൾ, സ്വിമ്മിംഗ്, അത്ലറ്റിക്ക്, ബാഡ്മിന്റണ്‍, ഗുസ്തി എന്നിവയിലെല്ലാം പാലാ കോളജ് തുടർച്ചയായി യൂണിവേഴ്സിറ്റി ചാന്പ്യന്മാരായിട്ടുണ്ട്.
അഞ്ച് വർഷക്കാലം പാലാ മുനിസിപ്പാലിറ്റിയുടെ വൈസ് ചെയർമാനുമായിരുന്നു. നാല് മക്കളും കായികരംഗത്ത് പ്രശോഭിച്ചവരാണ്. ലാലി ആനന്ദ് നാഷണൽ ലെവൽ അത്ലറ്റും ടെസി ജോസഫ് അന്തർദേശീയ വോളിബോൾ താരവുമായിരുന്നു. ആണ്മക്കളായ ജിമ്മി ജോസഫും നിപ്പി ജോസഫും ദേശീയ ഗുസ്തി താരങ്ങളായിരുന്നു.