പാലാ: പാലാ എംഎസിടി കോടതി ഉത്തരവിനെ തുടർന്ന് ജപ്തി ചെയ്ത തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് വീണ്ടെടുക്കാനുള്ള നടപടികൾ തമിഴ്നാട് സർക്കാർ ആരംഭിച്ചു. വാഹനാപകട കേസിൽ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാതിരുന്നതിനെ തുടർന്നാണ് ബസ് ജപ്തി ചെയ്തത്. ചെന്നൈ- ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന ടിഎൻ 1- എഎൻ 0958 സൂപ്പർ ഡീലക്സ് ബസ് പോലീസിന്റെ സഹായത്തോടെയാണ് ജപ്തി ചെയ്തത്.
ചങ്ങാനാശേരിയിൽ നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ചെന്നൈക്ക് പുറപ്പെടുന്നതിന് മുന്പ് ഡ്രൈവർക്കും കണ്ടക്ടർക്കും കോടതിവിധിയുടെ പകർപ്പ് നൽകുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. ബസിൽ ബുക്ക് ചെയ്തിരുന്ന യാത്രക്കാരെ വിവരം അറിയിച്ച ശേഷം പോലീസ് സഹായത്തോടെ ബസ് പാലായിലെത്തിച്ച് കോടതി വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്.
1996 ജൂലൈ ഏഴിനാണ് കേസിനാസ്പദമായ അപകടം. തമിഴ്നാട്ടിലെ തേനിയിൽ നിന്നും ചങ്ങനാശേരിക്ക് വരുകയായിരുന്ന തമിഴ്നാട് സർക്കാരിന്റെ ബസ് കുട്ടിക്കാനത്തിന് സമീപം പെരുവന്താനത്ത് കൊക്കയിലേക്ക് മറിഞ്ഞ് അന്ന് 10 പേർ മരിച്ചിരുന്നു. അപകടത്തിൽ മരിച്ച പാറത്തോട് ആൻവില്ലയിൽ ശോശാമ്മ ഏബ്രഹാമിന്റെ (47, ടീച്ചർ) ബന്ധുക്കൾക്ക് നഷ്ടപരിഹാരമായി കോടതി 3,60,210 രൂപ നൽകാൻ ഉത്തരവിട്ടിരുന്നു.
എന്നാൽ പലകാരണങ്ങളാലും തുക നൽകാതെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ഒഴിഞ്ഞുമാറി. തുടർന്ന് ബന്ധുക്കൾ നിരന്തരം നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ പലിശയുൾപ്പെടെ 10,59,112 രൂപയും അനുബന്ധ ചെലവുകളും കോർപറേഷനിൽ നിന്നും ഈടാക്കാൻ കോടതി വിധിക്കുകയായിരുന്നു. തുക വീണ്ടും നല്കാതിരുന്നതിനെ തുടർന്ന് പാലാ എംഎസിടി കോടതിയുടെ ഏറ്റവും അടുത്ത ഡിപ്പോയിലെത്തുന്ന തമിഴ്നാട് സർക്കാരിന്റെ ബസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടു.
ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ബസ് ജപ്തി ചെയ്തത്. ശോശാമ്മയുടെ ബന്ധുക്കളായ ആശിഷ് എബി എബ്രഹാം, ആൻ എയ്ഞ്ചലിൻ എബ്രഹാം എന്നിവരാണ് നിയമപോരാട്ടം നടത്തി അനുകൂലവിധി സന്പാദിച്ചത്. വാദികൾക്ക് വേണ്ടി അഭിഭാഷകരായ സിബി തകടിയേൽ, രമേശ് ബാബു എന്നിവർ ഹാജരായി. തുക കൈമാറിയില്ലെങ്കിൽ ബസ് ലേലം ചെയ്ത് നഷ്ടം നികത്താനുള്ള നടപടികളാരംഭിക്കും.