കോവിഡിന്റെ പിടിയില്‍ നിന്ന് ലോകം ഇതുവരെ മുക്തി നേടിയിട്ടില്ല. ഈ അവസ്ഥയില്‍ ലോകജനതയ്ക്ക് ആശങ്കയേറ്റുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്.
പസിഫിക് മേഖലയില്‍ വന്‍ ഭൂചലനവും സൂനാമിയും ഉണ്ടാകുമെന്ന ആശങ്കയാണ് പരന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് യുഎസിലെ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി വന്‍ പരിശീലനപദ്ധതിയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
പൊലീസ്, സന്നദ്ധസേനാംഗങ്ങള്‍, ഗോത്രവര്‍ഗ നിവാസികള്‍, പ്രതിരോധ സേനാംഗങ്ങള്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് തുടങ്ങിയവര്‍ പരിശീലനപദ്ധതിയിലുണ്ട്.
ഒറിഗോണ്‍, ഇദഹോ, അലാസ്ക തുടങ്ങിയ പ്രകൃതിദുരന്ത സാധ്യത കൂടിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഭാവിയില്‍ ഒരു വന്‍ ഭൂചലനവും സൂനാമിയും ഉണ്ടായാല്‍ എങ്ങനെ എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നും ആശയപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുമെന്നും കണ്ടെത്താന്‍ ഈ പരിശീലനം സേനകളെ സഹായിക്കുമെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്.
‘ഭാവിയില്‍ വമ്പന്‍ പ്രകൃതിദുരന്തം സംഭവിക്കാന്‍ വലിയ സമയമൊന്നും വേണ്ട. തദ്ദേശീയമായും മേഖലാതലത്തിലുമുള്ള പങ്കാളികളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും മാനുഷിക പ്രതിസന്ധികള്‍ നേരിടാനും ഈ പരിശീലനം സഹായകമാകും’ യുഎസ് അധികൃതര്‍ പറഞ്ഞു.
പൊടുന്നനെയുണ്ടാകുന്ന വലിയ പ്രകൃതിദുരന്തങ്ങളെ നേരിടാനായി യുഎസ് ആഭ്യന്തരസുരക്ഷാ മന്ത്രാലയത്തിന്റെ കീഴില്‍ രൂപീകരിച്ച ഏജന്‍സിയാണ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി. അമേരിക്കയിലെ കാസ്കേഡിയ സബ്ഡക്ഷന് സോണ്‍ എന്ന മേഖല കേന്ദ്രീകരിച്ചാണ് പരിശീലനപദ്ധതി.
നോര്‍തേണ്‍ വാന്ഡകൂവര് ഐലന്‍ഡ് മുതല്‍ കലിഫോര്‍ണിയ വരെ നീണ്ട ഭൗമപ്പിഴവ് മേഖലയാണ് കാസ്കേഡിയ സബ്ഡക്ഷന് സോണ്‍.
ഒന്‍പതിലധികം തീവ്രതയുള്ള അതിമാരക ഭൂചലനങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഈ മേഖലയ്ക്ക് കഴിയും.
യുഎസിന്റെ പടിഞ്ഞാറന്‍ തീരത്തിനടുത്തായി സ്ഥിതി ചെയ്യുന്നതു മൂലം ഈ മേഖലയില്‍ ഭൂചലനം വന്നാല്‍ അതു വലിയ സൂനാമിക്കു വഴിയൊരുക്കുകയും ചെയ്യും.
ഇതാണ് യുഎസ് അധികൃതരെ ആശങ്കപ്പെടുത്തുന്ന കാര്യം. ഈ ആശങ്ക മൂലമാണ് ബൃഹത്തായ പരിശീലനപദ്ധതി നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
യുഎസിലെ കന്‍സാസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു. നിരവധി കെട്ടിടങ്ങള്‍ തകരുകയും മൂന്നു പേര് മരിക്കുകയും ചെയ്തു.
കൊളറാഡോ, ന്യൂ മെക്സിക്കോ, നെബ്രാസ്ക തുടങ്ങിയ മേഖലകളില്‍ ഈ മാസത്തിലും കഴിഞ്ഞ മാസത്തിലും വലിയ കാട്ടുതീയും ഉടലെടുത്തിരുന്നു.
ഈ തീ ഇപ്പോഴും പൂര്‍ണമായി അണഞ്ഞിട്ടില്ല. പ്രകൃതിദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നതിനാലാണ് രക്ഷാസേനയെ കൂടുതല്‍ മൂര്ച്ചപ്പെടുത്താന് പദ്ധതികളുമായി യുഎസ് ഒരുങ്ങുന്നത്.