രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് സുനാമി ആഞ്ഞടിക്കുമെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പറന്നു നടക്കുകയാണ്. കിട്ടിയവര്‍ സത്യമെന്താണെന്ന് നോക്കാതെ അടുത്തയാള്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നു. ഇത്തരമൊരു വാര്‍ത്ത സത്യമാണോ? സംസ്ഥാനത്തെ സുനാമി മുന്നറിയിപ്പും ഇതേ തുടര്‍ന്ന് തീരപ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു എന്ന വാര്‍ത്തയെ കുറിച്ച് ദുരന്തനിവാരണ അതോറിറ്റി പറയുന്നത് ഇങ്ങനെ.
സംസ്ഥാനത്തെ തീരപ്രദേശത്ത് സുമാനി മുന്നറിയിപ്പ് ഇല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തലസ്ഥാനത്തെ പൂന്തുറ, വേളി, ശംഖുമുഖം തീരങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രതികരണം. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ ജനം പരിഭ്രാന്തരാകരുതെന്നും അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച്ച വേളി ഭാഗത്ത് കണ്ട വാട്ടര്‍ സ്പൗട്ട് പ്രതിഭാസത്തിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ ചുഴലികൊടുങ്കാറ്റ് എന്ന തരത്തില്‍ തെറ്റായി പ്രചരിക്കപ്പെടുന്നുണ്ട്. ഇതിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുമെന്നും ഇത്തരം വ്യജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്നും അധികൃതര്‍ അറിയിച്ചു.