എന്താണ് സുനാമി..?
കടലിലെ ജലത്തിനു വൻതോതിൽ സ്ഥാനചലനം സംഭവിക്കുന്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളാണു സുനാമി.
കടലിലെ ഭൂചലനം, വൻതോതിലുള്ള സമുദ്രാന്തർചലനങ്ങൾ, അഗ്നിപർവത സ്ഫോടനം, ഉൽക്കാപതനം, സമുദ്രാന്തർസ്ഫോടനങ്ങൾ തുടങ്ങിയവ സുനാമിക്കു കാരണമാകുന്നു.
20-ാം നൂറ്റാണ്ടുവരെ സുനാമി നമുക്കത്ര പരിചിതമായിരുന്നില്ല. ഗ്രീക്ക് ചരിത്രകാരനായ തുസിഡൈഡാണ് ആദ്യമായി സുനാമിയെ സമുദ്രത്തിലെ ഭൂചലനങ്ങളുമായി ബന്ധപ്പെടുത്തിയത്.
ചെറുതും വലുതുമായ സുനാമികൾ സമുദ്രപരിധിക്കുള്ളിൽ ഉണ്ടാകുന്നുണ്ട്. ചെറിയവ തിരിച്ചറിയപ്പെടാതെ പോകുന്പോൾ വലുത് അങ്ങേയറ്റം നാശം വിതയ്ക്കുന്നു.
ഉൾക്കടലിൽ ഒരു സുനാമിയുടെ തരംഗദൈർഘ്യം ഏകദേശം നൂറുകണക്കിനു കിലോമീറ്ററുകൾ വരും. ഉയരം കുറവായിരിക്കുമെന്നതിനാൽതന്നെ ഒരു സുനാമി കടന്നുപോകുന്നത് ഉൾക്കടലിൽ തിരിച്ചറിയാനാവുകയില്ല.
എന്നാൽ, കരയോട് അടുക്കുന്തോറും തരംഗദൈർഘ്യം, വേഗം എന്നിവ കുറയുകയും ഉയരം അനേകം മടങ്ങു കൂടുകയും ചെയ്യുന്നു.
കാരണങ്ങൾ
സമുദ്രത്തിന്റെ അടിത്തട്ട് പെട്ടെന്നു ചലിക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിക്കുകയോ ചെയ്യുന്പോഴാണു സുനാമിത്തിരകൾ ഉണ്ടാകുന്നത്.
ഭൂമിയുടെ അടിയിലുള്ള പാളികളുടെ അതിർത്തികളിലാണു ലംബദിശയിലുള്ള ഇത്തരം വൻ ചലനങ്ങൾ നടക്കുക. പാളികൾ തമ്മിൽ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങൾ സുനാമിയുണ്ടാകാൻ കാരണമാകുന്നു.
ഇതിനുപുറമെ സമുദ്രാന്തർഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്നിപർവത ശേഷിപ്പുകളുടെ പതനവും സുനാമിയുടെ കാരണങ്ങളാണ്. സമുദ്രത്തിനടിയിൽ വലിയ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതുമൂലവും സുനാമിയുണ്ടാവാം.
സവിശേഷതകൾ
ഉത്ഭവകേന്ദ്രത്തിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെപ്പോലും എത്തി വൻനാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷി.
മിക്കപ്പോഴും മണിക്കൂറുകൾ കഴിഞ്ഞായിരിക്കും കടൽത്തീരത്തെത്തുക.
വ്യത്യസ്ത ഉയരങ്ങളിലുള്ള നിരവധി ഓളങ്ങളുണ്ടാകും. വളരെ ഉയർന്ന തരംഗദൈർഘ്യം.
ഉയരം നടുക്കടലിൽ സാധാരണഗതിയിൽ ഒരു മീറ്ററിൽ താഴെയായിരിക്കും. അതിനാൽതന്നെ കപ്പലുകളിൽ യാത്ര ചെയ്യുന്നവർ സുനാമി കടന്നുപോകുന്നത് അറിയുകയില്ല.
ഏകദേശവേഗം മണിക്കൂറിൽ അഞ്ഞൂറു മൈൽ.
കരയോട് അടുക്കുന്തോറും കടലിന്റെ ആഴം കുറയുകയും സുനാമിയുടെ വേഗം ഗണ്യമായി കുറയുകയും ചെയ്യും.
വേഗവും തരംഗദൈർഘ്യവും കുറയുന്നതോടെ തിരകളുടെ നീളം കുറുകി ഉയരം കൂടാൻ തുടങ്ങുന്നു.
സുനാമി മുന്നറിയിപ്പ് ഇന്ത്യയിൽ
ഭാരതത്തിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം 2007 ഒക്ടോബർ ഒന്നുമുതൽ ഹൈദരാബാദിൽ ആരംഭിച്ചു.
ഭൗമശാസ്ത്രമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസിന് (INcois) കീഴിലാണ് ഇന്ത്യയിലെ നിരീക്ഷണ സംവിധാനം പ്രവർത്തിക്കുന്നത്.
സമുദ്രത്തിൽ ടൈഡ് ഗേജുകളും ബോയും സ്ഥാപിച്ച് ഉപഗ്രഹസഹായത്താലാണ് ഈ സ്ഥാപനം നിരീക്ഷണം നടത്തുന്നത്.
സമുദ്രത്തിൽ ഭൂചലനമുണ്ടായാൽ സ്ഥാപനം സുനാമി മുന്നറിയിപ്പു നൽകാറുണ്ട്. ഈ മുന്നറിയിപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും നൽകും.
ആൻഡമാൻ നിക്കോബാർ ദ്വീപിലെ രംഗചാംഗിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥാപിച്ച സുനാമി മുന്നറിയിപ്പ് സംവിധാനത്തിനു ഭൂകന്പമുണ്ടായി മൂന്നു മിനിറ്റിനകം സുനാമി പ്രവചിക്കാൻ സാധിക്കും.
2004ലെ സുനാമി ദുരന്തത്തിനുശേഷം ഇന്ത്യൻ മഹാസമുദ്രത്തിനു ചുറ്റുമുള്ള രാജ്യങ്ങൾ ചേർന്നു സുനാമി നിരീക്ഷണ ശൃംഖല ഉണ്ടാക്കിയിട്ടുണ്ട്.
യുനെസ്കോയുടെ ഇന്റർ ഗവണ്മെന്റൽ കോ-ഓർഡിനേഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണിത്. എല്ലാ രാജ്യങ്ങളിലേയും സുനാമി മുന്നറിയിപ്പു കേന്ദ്രങ്ങൾ കൂട്ടിയിണക്കിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
ഒാർമകൾ നീറുന്ന 2004
രണ്ടു ലക്ഷത്തിലധികം പേരുടെ ജീവനപഹരിച്ച സുനാമിയുടെ നീറുന്ന ഒാർമകളാണ് 2004 സമ്മാനിച്ചത്.
ഡിസംബർ 26നായിരുന്ന ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമിത്തിരമാലകൾ ആഞ്ഞടിച്ചത്. ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ അതിതീവ്രഭൂചലനത്തിന്റെ പ്രതിഫലനമാണു സുനാമിയായി രൂപാന്തരപ്പെട്ടത്.
ഇന്ത്യയുൾപ്പെടെ പതിനാല് രാജ്യങ്ങളെ അന്നത്തെ ദുരന്തം ബാധിച്ചു. ഇന്തോനേഷ്യയിൽ ആഞ്ഞടിച്ച് രണ്ടു മണിക്കൂറിനകം ഇന്ത്യ, ശ്രീലങ്ക തീരങ്ങളിലും സുനാമി അലകളെത്തി. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂകന്പത്തിൽ നൂറടിയിലധികം ഉയരത്തിലാണു തിരമാലകൾ ഉയർന്നു പൊങ്ങിയത്.
ഇന്ത്യയിൽ കേരളം, കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ സുനാമി ദുരന്തം വിതച്ചു.
2,27,898 പേർ ദുരന്തത്തിൽ മരിച്ചതായാണ് കണക്ക്. ഇന്ത്യയിൽ 16,000 ത്തോളം പേർക്കു സുനാമിയിൽ ജീവൻ നഷ്ടമായി. ആലപ്പുഴ, കൊല്ലം ജില്ലകളെ കൂടുതലായി ബാധിച്ച ദുരന്തത്തിൽ ആലപ്പാട് മുതൽ അഴീക്കൽ വരെ എട്ടു കിലോമീറ്റർ തീരം തിരകളെടുത്തു. മൂവായിരത്തിലധികം വീടുകൾ തകർന്നു.
സുനാമി മ്യൂസിയം
2004ലെ ഭൂകന്പത്തിലും സുനാമിയിലും ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ഇന്തോനേഷ്യയിലെ ബന്ദാ ആച്ചേയിലെ സുനാമി മ്യൂസിയം ദുരന്ത ഒാർമകളുടെ ഇടമാണ്.
സുനാമിയിൽ പൊലിഞ്ഞവരുടെ ഓർമയ്ക്കായാണ് ഈ മ്യൂസിയം. കപ്പലിന്റെ ആകൃതിയിലായാണ് നാലു നിലകളിലായി നിർമിച്ച കെട്ടിടം. മുകളിൽനിന്നു നോക്കിയാൽ തിരമാലയുടെ ആകൃതിയാണിതിന്.
സുനാമി ഉണ്ടായാൽ ആയിരക്കണക്കിന് ആളുകൾക്കു തങ്ങാവുന്ന രക്ഷാസങ്കേതംകൂടിയാണിത്. സുനാമിയെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കാനുള്ള പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു.