തിരുവനന്തപുരം: തിരുവനന്തപുരത്ത് ടിടിഇക്കുനേരേ ഭിക്ഷാടകന്റെ ആക്രമണം. ടിടിഇയെ ആക്രമിച്ചശേഷം ഭിക്ഷാടകൻ രക്ഷപ്പെട്ടു. തിരുവനന്തപുരം തന്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നു യാത്ര തിരിച്ച തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. ടിടിഇ ജയ്സണ്‍ തോമസിന് നേരേയാണ് ആക്രമണമുണ്ടായത്.
ടിക്കറ്റ് ചോദിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ജയ്സണ്‍ പറഞ്ഞു. ആദ്യം മുഖത്ത് തുപ്പുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തെന്ന് ജയ്സണ്‍ പറഞ്ഞു. മർദ്ദനത്തിൽ ടിടിഇയുടെ കണ്ണിന് പരിക്കേറ്റു.
ട്രെയിനിലുണ്ടായിരുന്ന കാറ്ററിംഗ് തൊഴിലാളികളെയും യാത്രക്കാരെയും തള്ളിമാറ്റിയശേഷം അക്രമി രക്ഷപ്പെടുകയായിരുന്നുവെന്ന് ജയ്സണ്‍ പറഞ്ഞു. റെയിൽവേ പോലീസിലും ആർപിഎഫിലും പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു ട്രെയിൻ പുറപ്പെട്ട ഉടനെയായിരുന്നു ആക്രമണവും അക്രമിയുടെ രക്ഷപ്പെടലും ഉണ്ടായത്. സിസിടിവി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം തൃശൂരിൽ ടിക്കറ്റ് പരിശോധനക്കിടെ ടിടിഇ വിനോദിനെ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു.
ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയതിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടതിനിടെ തുടര്‍ന്നായിരുന്നു വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നത്. സംഭവത്തിൽ ഒഡീഷ സ്വദേശിയായ പ്രതി രജനികാന്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിരന്തരം ടിടിഇ മാർക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ തങ്ങളുടെ തൊഴിൽ സുരക്ഷിതത്വത്തിനും മനോധൈര്യത്തിനും കോട്ടം ഉണ്ടാക്കുകയാണെന്ന് ജീവനക്കാർ പറഞ്ഞു.