കൊച്ചി: തിരുവനന്തപുരത്ത് ഇന്നലെ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ എറണാകുളം റെയില്‍വേ പോലീസ് കേസെടുത്തു. അന്‍പത്തഞ്ചു വയസു തോന്നിക്കുന്ന ഭിക്ഷാടകനാണ് പ്രതിയെന്ന സംശയത്തിലാണ് പോലീസ്. ഇന്നലെ തിരുവനന്തപരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇ ആയ എറണാകുളം പൂക്കാട്ടുപടിയില്‍ താമസിക്കുന്ന കൊരട്ടി സ്വദേശിയായ ടിടിഇ ജയ്സണ്‍ തോമസാണ് അജ്ഞാതന്റെ അക്രമണത്തിന് ഇരയായത്.
55 വയസുള്ള ഭിക്ഷാടകനാണ് ജയ്സണെ ആക്രമിച്ചതെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എറണാകുളം-തിരുവനന്തപുരം ട്രെയിനുകളില്‍ ഇയാള്‍ ഭിക്ഷാടനം നടത്താറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ടെത്തുന്നതിനായി സിസിടിവി കേന്ദ്രീകരിച്ച് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.
ജനശതാബ്ദി എക്സ്പ്രസിലേക്ക് ടിക്കറ്റില്ലാതെ കയറാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതി ജയ്സന്റെ മുഖത്തടിക്കുകയായിരുന്നു. കേറ്ററിങ് തൊഴിലാളിയെ തള്ളിയിട്ട് തിരുവനന്തപുരം സ്റ്റേഷനില്‍ മറഞ്ഞ അക്രമിയെ കണ്ടെത്താനായി ദീര്‍ഘനേരം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അക്രമിയുടെ അടിയേറ്റുണ്ടായ പരുക്കുകളുമായി ജോലി തുടര്‍ന്ന ജെയ്സന് എറണാകുളത്തെത്തി ചികില്‍സ തേടുകയായിരുന്നു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ ടിടിഇ ആണ് ജെയ്സണ്‍. സംഭവത്തെത്തുടർന്ന് അദേഹം റെയില്‍വേ പോലീസിലാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം തൃശൂര്‍ വെളപ്പായയില്‍ വച്ച് എറണാകുളം-പട്ന എക്സ്പ്രസില്‍ റിസര്‍വ് കോച്ചില്‍ കയറിയ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചതിന്റെ ദേഷ്യത്തില്‍ ടിടിഇ വിനോദിനെ ഒഡിഷ സ്വദേശി രജനീകാന്ത ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് അടുത്ത സംഭവം ഉണ്ടായത്.