ന്യൂഡൽഹി: ട്രെയിനില്‍ യാത്രക്കാരനെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ടിടിഇയെ സസ്പെന്‍ഡ് ചെയ്തു. ബറൗണി-ലക്നൗ എക്സ്പ്രസിലായിരുന്നു സംഭവം. സീറ്റിലിരിക്കുന്ന യാത്രക്കാരനെ ടിടിഇ ആവര്‍ത്തിച്ച് തല്ലുന്നത് സഹയാത്രികരില്‍ ഒരാളാണ് ചിത്രീകരിച്ചത്.
പരിശോധനക്കിടെ ടിടിഇ പ്രകാശ് യാത്രക്കാരനായ നീരജിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ യാത്രക്കാരന്റെ കൈയിൽ ടിക്കറ്റ് ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്. അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മർദനമേൽക്കുന്നതിനിടെ യാത്രക്കാരൻ പറഞ്ഞിട്ടും ടിടിഇ അടി തുടർന്നു. സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
മര്‍ദിക്കുന്നതിന്റെ കാരണം യാത്രക്കാരന് ടിടിഇയോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. വീഡിയോ എക്സില്‍ വൈറലായതോടെ ഉദ്യോഗസ്ഥനെതിരേ നടപടിക്ക് ആവശ്യമുയര്‍ന്നിരുന്നു. ഇയാൾക്കെതിരേ നടപടിയെടുത്തതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം സമാനമായ സംഭവം ബംഗളൂരുവില്‍ നടന്നിരുന്നു. കൃഷ്ണരാജപുരം റെയില്‍വേ സ്റ്റേഷന് സമീപം ഒരു സ്ത്രീ യാത്രക്കാരിയെ മദ്യപിച്ചെത്തിയ ടിടിഇ ശല്യപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാളെ സസ്പെന്‍ഡ് ചെയ്തു.