ഷൊർണൂർ: യാത്രക്കാരന്റെ മർദ്ദനമേറ്റ ടിടിഇയെ വിദഗ്ധ ചികിത്സക്കായി പാലക്കാട്ടേക്ക് മാറ്റി. ഇന്നലെ രാത്രി ഷൊര്‍ണൂര്‍ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. മാവേലി എക്സ്പ്രസിലെ ടിടിഇയായ രാജസ്ഥാൻ സ്വദേശി വിക്രം കുമാർ മീണയ്ക്കാണ് യാത്രക്കാരനിൽ നിന്ന് മർദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരം -തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇയായിരുന്നു വിക്രം കുമാര്‍ മീണ. ഇന്നലെ രാത്രിയില്‍ ട്രെയിൻ തിരൂര്‍ എത്താറായപ്പോഴാണ് സംഭവം നടക്കുന്നത്.
ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നത് ടിടിഇ ചോദ്യം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഇയാൾ ടിടിഇയുടെ മൂക്കിന് ഇടിക്കുകയായിരുന്നുവെന്ന് ടിടിഇ വിക്രംകുമാർ മീണ പരാതിയിൽ പറഞ്ഞു.
മൂക്കില്‍നിന്ന് രക്തമൊഴുകി അത് തൂവാലയിലും ട്രെയിനിലെ തറയിലുമെല്ലാം കിടക്കുന്നത് സംഭവത്തിന് തൊട്ടുപിന്നാലെ പകര്‍ത്തിയ ചിത്രങ്ങളില്‍ വ്യക്തമാണ്.
കഴിഞ്ഞ ഏപ്രില്‍ രണ്ടിന് എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ ടിടിഇ വിനോദ് കുമാറിനെ ട്രെയിനില്‍നിന്ന് യാത്രക്കാരൻ തള്ളിയിട്ട് കൊന്ന സംഭവത്തിനു പിന്നാലെ സമാനമായ പല സംഭവങ്ങളും ട്രെയിനിൽ ആവര്‍ത്തിച്ചിരുന്നു. ടിടിഇമാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ട്രെയിൻ യാത്രയിലെ പൊതുവിലുള്ള സുരക്ഷിതത്വവുമെല്ലാം വീണ്ടും ചര്‍ച്ചയാവുകയാണ്..