യുഎഇയിൽ നിർമാണം പൂർത്തിയായ ഹിന്ദു ക്ഷേത്രം ഒക്ടബോറിൽ ഭക്തർക്കായി തുറന്നു കൊടുക്കും.
ജബൽ അലിയിലാണ് അറേബ്യൻ മാതൃകയിലുള്ള ക്ഷേത്രം. ഒക്ടോബർ അഞ്ചിന് ദസറ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം തുറക്കാനാണ് തീരുമാനമെന്ന് സിന്ധു ഗുര ദർബാർ ക്ഷേത്രത്തന്റെ ട്രസ്റ്റി രാജു ഷ്റോഫ് പറഞ്ഞു.
രണ്ടു ഘട്ടങ്ങളായാണ് ക്ഷേത്രം തുറന്നു കൊടുക്കുന്നത്. ആദ്യഘട്ടത്തിൽ പൊതുജനങ്ങൾക്ക് ആരാധന അനുവദിക്കും.
രണ്ടാംഘട്ടത്തിൽ അടുത്ത വർഷം ജനുവരി 14 ന് മഹാസംക്രാന്തി ദിനത്തിൽ വിജ്ഞാന മുറിയും കമ്യൂണിറ്റി റൂമും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും.
തുടർന്ന് വിവാഹങ്ങളും മറ്റു സ്വകാര്യ ചടങ്ങുകളും നടത്താം. കോവിഡ് പശ്ചാത്തലത്തിൽ സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്ത് ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ബുക്കിംഗ് സംവിധാനം ക്ഷേത്ര അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
അടുത്ത മാസം മുതൽ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങും. രാവിലെ ആറുമുതൽ വൈകിട്ട് ഒന്പതു വരെയായിരിക്കും ക്ഷേത്ര സമയം.
ജബൽ അലിയിൽ ഗുരുനാനാക് ദർബാറിനു സമീപത്തായി 2020 ഫെബ്രുവരിയിലാണ് 70,000 ചുതരശ്ര അടി വിസ്തീർണമുള്ള ക്ഷേത്രത്തിനു തറക്കല്ലിട്ടത്.