കൊച്ചി: ട്രെയിനില്‍ വച്ച് മദ്യലഹരിയില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടിടിആറിനെ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസിലെ ടിടിആര്‍ നൗഷാദിനെയാണ് എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്ത ഇരുപത്തഞ്ചുകാരിയായ വയനാട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
സംഭവത്തെക്കുറിച്ച് റെയില്‍വേ പോലീസ് നല്‍കുന്ന വിവരം ഇങ്ങനെ: യാത്രക്കാരിയുടെ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു. ഷൊര്‍ണൂരിനും തൃശൂരിനും ഇടയില്‍ വച്ച് ടിടിആര്‍ എത്തുകയായിരുന്നു. ടിക്കറ്റ് കണ്‍ഫോം അല്ലാത്തതിനാല്‍ ടിടിആര്‍ സ്വന്തം സീറ്റ് നല്‍കുകയും അതിനു ശേഷം യുവതിയോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു.
യാത്രക്കാരി ഉടന്‍ ട്രെയിനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരുടെ അടുത്തെത്തി വിവരം പറയുകയും പരാതി എഴുതി നല്‍കുകയും ചെയ്തു. ട്രെയിന്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ എറണാകുളം റെയില്‍വേ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. ടിടിആര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു