മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച സിനിമകൾ മലയാളത്തിൽ ധാരാളമായി പുറത്തിറങ്ങിയിട്ടുണ്ട്. ലാലേട്ടനും മമ്മൂക്കയും ഒന്നിച്ച സിനിമകളെല്ലാം തിയറ്ററുകളിൽ വലിയ വിജയമാവുകയും ചെയ്തിരുന്നു.
തുല്യ പ്രാധാന്യമുളള റോളുകളിലാണ് ഇരുവരും മിക്ക സിനിമകളിലും എത്തിയത്. ഒപ്പം തന്നെ അതിഥി വേഷങ്ങളിലും ലാലേട്ടനും മമ്മൂക്കയും ഒന്നിച്ച് അഭിനയിച്ചു.
മമ്മൂട്ടി, മോഹൻലാൽ സൂപ്പർതാരങ്ങളെ വെച്ച് ഒന്നിച്ചൊരു ചിത്രം എടുക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക സംവിധായകരും. ഇതിനായി നല്ല തിരക്കഥകൾ ഒരുക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്.
എന്നാൽ വളരെ കുറച്ച് മാത്രമാണ് യാഥാർഥ്യമാവാറുളളത്. ഇരുവരുടെയും തിരക്ക് കാരണം ചില സിനിമകൾ നടക്കാതെ പോവാറുണ്ട്.
മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് ഒരു സിനമ താനും ആലോചിച്ചിരുന്നതായി സംവിധായകൻ തുളസീദാസ് പറഞ്ഞിരുന്നു.
വർഷങ്ങൾക്ക് മുന്പ് ഞാൻ മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിപ്പിച്ചുകൊണ്ട് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. മമ്മൂട്ടി ജ്യേഷ്ട സഹോദരനായും മോഹൻലാൽ അനിയനായും, പക്ഷേ അത് നടന്നില്ല. മോഹൻലാലിന്റെ തിരക്ക് ആയിരുന്നു അതിന്റെ പ്രധാന കാരണം.
ഞാൻ പിന്നീട് മമ്മൂക്കയോട് കഥ പറയാൻ പോയപ്പോൾ കഥ കേട്ട് കഴിഞ്ഞ് അദ്ദേഹം ആദ്യം ചോദിച്ചത് ഇതിലെ ചേട്ടന്റെ കഥാപാത്രം ആര് ചെയ്യും എന്നാണ്.
അത് കേട്ടതും എനിക്ക് മറുപടി ഇല്ലാതായി. കാരണം ഞാൻ ഇതിൽ ചേട്ടന്റെ റോളിലാണ് മമ്മൂക്കയെ കണ്ടിരിക്കുന്നത്. ലാലേട്ടന് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പായത് കൊണ്ട് അനിയൻ കഥാപാത്രമായി ജയറാമിനെയാണ് മനസിൽ കണ്ടിരുന്നത്.
പക്ഷേ മമ്മൂക്കയുടെ ചോദ്യത്തിൽ നിന്ന് എനിക്ക് മനസിലായി അദ്ദേഹത്തിന് മൂത്ത സഹോദരന്റെ റോൾ ചെയ്യാൻ താൽപര്യമില്ലെന്ന്. അത് ചെയ്യേണ്ടത് മമ്മൂക്കയാണെന്ന് പറഞ്ഞാൽ എനിക്ക് എന്താടോ അത്രയും പ്രായമായോ എന്നൊക്കെ ചോദിച്ചു അദ്ദേഹം ചൂടായാലോ എന്ന് പേടിച്ച് ഞാൻ ഒന്നും മിണ്ടിയില്ല.
പെട്ടെന്ന് ചേട്ടന്റെ റോൾ ചെയ്യുന്നതാരാ എന്ന് മമ്മൂക്ക ചോദിച്ചപ്പോൾ മുരളി എന്ന മറുപടിയാണ് ഞാൻ കൊടുത്തത്. കഥ പറഞ്ഞപ്പോൾ മുരളി ചേട്ടനും സമ്മതമായി. അങ്ങനെയാണ് ആയിരം നാവുളള അനന്തൻ എന്ന സിനിമ സംഭവിക്കുന്നത്- തുളസിദാസ് അഭിമുഖത്തിൽ പറഞ്ഞു. -പിജി