പട്ടിണി കിടന്നു മരിക്കുന്നതിലും ഭീകരമല്ലല്ലോ വൈറസ് ! മുല്ലപ്പൂ വിപ്ലവം നടന്ന് ഒരു ദശാബ്ദം പിന്നിടുമ്പോള്‍ എങ്ങുമെത്താടെ ടുണീഷ്യ; ലോക്ക് ഡൗണ്‍ മറന്ന് ഭക്ഷണത്തിനായി ആര്‍ത്തലച്ച് ജനത…

ഒരു ദശാബ്ദം മുമ്പ് ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പൂ വിപ്ലവം ലോകത്തിന്റെ പല ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും ടുണീഷ്യയുടെ ഇന്നത്തെ അവസ്ഥ അവര്‍ അവിടെ നിന്ന് എവിടം വരെയെത്തി എന്ന ചോദ്യമുയര്‍ത്തുന്നതാണ്.

2011 ജനുവരി നാലിന് മുഹമ്മദ് ബുവിസീസി എന്ന 27 വയസുള്ള യുവാവിന്റെ രക്തസാക്ഷിത്വത്തിലൂടെ ആവിര്‍ഭവിച്ച മുല്ലപ്പൂ വിപ്ലവം പല കോട്ടകൊത്തളങ്ങളെയും പിടിച്ചു കുലുക്കുന്ന കാഴ്ചയ്ക്കാണ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്.

പിതാവിന്റെ മരണശേഷം അമ്മയ്ക്കും പെങ്ങന്മാര്‍ക്കുമായി ജീവിച്ച പഠനത്തില്‍ സമര്‍ഥനായ ആ യുവാവിന് പ്രാരാബ്ദം മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്നു.

തെരുവില്‍ കച്ചവടം നടത്തിയും അറിയാവുന്ന ജോലി ചെയ്തുമായിരുന്നു അന്നന്നത്തേക്കിനുള്ള വക കണ്ടെത്തിയിരുന്നത്.

ഒരിക്കല്‍ ചന്തയില്‍ വില്‍പനയ്ക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥ അയാളുടെ മുഖത്തടിച്ചു. കച്ചവടത്തിനുള്ള ലൈസന്‍സ് ബുവാസീസിക്ക് ഇല്ലെന്നു പറഞ്ഞായിരുന്നു മര്‍ദനം.

പരാതി പറയാന്‍ പ്രാദേശിക അധികാരിയായ ഗവര്‍ണറുടെ ഓഫിസിലെത്തി. കേള്‍ക്കാന്‍പോലും അയാള്‍ തയാറായില്ല.

നീതി നിഷേധത്തില്‍ ചുട്ടുപൊള്ളിയ മനസ്സുമായി ഓഫീസിനു വെളിയിലെത്തിയ ആ മനുഷ്യന്‍ സ്വയം എരിഞ്ഞടങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ബുവാസീസിയുടെ രക്തസാക്ഷിത്വം ടുണീഷ്യന്‍ യുവാക്കളുടെ ആത്മവീര്യം ജ്വലിപ്പിച്ചു. സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും കൊണ്ട് കൂപ്പുകുത്തിയ ആ രാജ്യത്തിന്റെ കഴിവുകെട്ടതും നീതികേടു നിറഞ്ഞതുമായ ഭരണകൂടത്തിനെതിരേ വന്‍ പ്രതിഷേധം നടത്താന്‍ ആ രക്തസാക്ഷിത്വം അവരെ പ്രേരിപ്പിച്ചു.

അങ്ങനെയാണ് രണ്ടു ദശാബ്ദം കടിച്ചു തൂങ്ങിയ കസേരയില്‍ നിന്ന് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബെന്‍ അലി നിഷ്‌കാസിതനാകുന്നതും പി്ന്നീട് രാജ്യം വിടുന്നതും.

എന്നാല്‍ ആ സംഭവം കഴിഞ്ഞ് ഒരു ദശാബ്ദത്തോളമായെങ്കിലും ഇതിനിടയ്ക്ക് പ്രത്യാശയ്ക്കു വകയുള്ള ഒന്നും ടുണീഷ്യയില്‍ സംഭവിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. മാത്രമല്ല തൊഴിലില്ലായ്മ മുമ്പത്തേക്കാള്‍ രൂക്ഷമാവുകയും ചെയ്തു.

മാത്രമല്ല ഇപ്പോള്‍ കോവിഡ് 19 രോഗബാധയും രാജ്യത്തിന് ഭീഷണിയുയര്‍ത്തുകയാണ്.

മാര്‍ച്ച് അവസാത്തോടെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ രോഗബാധ വ്യാപകമായതോടെ അത് ഏപ്രില്‍ 19വരെ നീട്ടിയിരിക്കുകയാണ്.

അതിര്‍ത്തികളെല്ലാം അടച്ചു. റസ്റ്ററന്റുകളും ഹോട്ടലുകളും ഓഫീസുകളുമെല്ലാം പ്രവര്‍ത്തന രഹിതമായി. രാജ്യന്തര വിമാന സര്‍വീസുകളെല്ലാം നിലച്ചു.

പണ്ടേ ദുര്‍ബല ഇപ്പോ ഗര്‍ഭിണിയും എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ടുണീഷ്യ കടന്നു പോകുന്നത്. 1956ല്‍ സ്വാതന്ത്യം ലഭിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരിക്കും ഈ തവണ ടുണീഷ്യയ്ക്കുണ്ടാവുകയെന്ന് ഐഎംഎഫ് നിരീക്ഷിക്കുന്നു.

ഏപ്രില്‍ 12വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 699 പേരെ കോവിഡ് ബാധിച്ചു.28 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 43 പേര്‍ക്കാണ് രോഗം ഭേദമായത്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു താല്‍ക്കാലിക പരിഹാരമായി ഏകദേശം 85 കോടി ഡോളറിന്റെ പാക്കേജ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി ഇല്യാസ് ഫാഫാക്ക് പ്രഖ്യാപിച്ചിരുന്നു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു കാരണം തൊഴില്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനായിരുന്നു അതില്‍ 15.5 കോടിയും.

ചെറുകിട, ഇടത്തരം കച്ചവടക്കാരെ നികുതിയില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ളവര്‍ എടുത്തിട്ടുള്ള വായ്പകള്‍ക്കു തിരിച്ചടവു കാലാവധിയും നീട്ടിനല്‍കി.

ഐഎംഎഫ് 74.5 കോടി ഡോളറിന്റെ വായ്പയും ഈ വടക്കേ ആഫ്രിക്കന്‍ രാജ്യത്തിന് അനുവദിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനാകട്ടെ 27.3 കോടി ഡോളറും.

കോവിഡ് ഏറ്റവും നാശം വിതച്ച രാജ്യങ്ങളിലൊന്നായ ഇറ്റലി 5.5 കോടി ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജിദ്ദ ആസ്ഥാനമായുള്ള ഇസ്ലാമിക് ഡവലപ്‌മെന്റ് ബാങ്ക് 28 കോടി ഡോളര്‍ നല്‍കാമെന്നേറ്റിട്ടുണ്ട്.

എന്നാല്‍ തുനീസിയയിലെ വഴിയോരക്കച്ചവടക്കാരെയും ചെറുകിടക്കാരെയും ദിവസക്കൂലിക്കാരെയും സംബന്ധിച്ച് പെട്ടെന്നുണ്ടായ തൊഴില്‍നഷ്ടം അതിഭീമമാണ്. തൊഴില്‍ നഷ്ടപ്പെട്ട പലരും തീകൊളുത്തി മരിക്കുന്ന വാര്‍ത്തകളും വരുന്നു.

രാജ്യത്ത് പട്ടിണി അതിരൂക്ഷമായതോടെ ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന ആവശ്യവും രാജ്യത്ത് വ്യാപകമായി ഉയരുന്നുണ്ട്.

ലോക്ക് ഡൗണിനിടെ നൂറു കണക്കിന് പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക സര്‍ക്കാര്‍ ഓഫീസുകളിലേക്ക് കൂട്ടത്തോടെ പ്രതിഷേധവുമായെത്തുന്നത് പ്രശ്‌നം ഗുരുതരമാക്കുകയാണ്.

ഒന്നുകില്‍ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കുക അല്ലെങ്കില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ധനസഹായം കൈമാറുക എന്നതാണ് അവരുടെ ആവശ്യം.

വീട്ടിനകത്ത് അടച്ചിട്ടിരുന്നാല്‍ മറ്റു രാജ്യങ്ങളെപ്പോലെ ഭക്ഷണം എത്തിച്ചു നല്‍കാന്‍ ഇവിടെ ആരുമില്ല. പട്ടിണി കിടക്കുക തന്നെ രക്ഷ. കൈയ്യിലാകട്ടെ പണവുമില്ല.

വൈറസിന് മരുന്നു കണ്ടുപിടിക്കാമെന്നും എന്നാല്‍ വിശപ്പടക്കണമെങ്കില്‍ ഭക്ഷണം കഴിക്കുക തന്നെ വേണമെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.

2011 ആവര്‍ത്തിക്കുമെന്നത് ഓര്‍മപ്പിച്ചുള്ള പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ‘2011 ഒരു മാറ്റവും രാജ്യത്തുണ്ടാക്കിയില്ല’ എന്നതാണ് ഇപ്പോള്‍ തുനീസിയയില്‍ അലയടിക്കുന്ന മുദ്രാവാക്യം.

വീണ്ടുമൊരു മുല്ലപ്പൂ വിപ്ലവം ഉണ്ടായാല്‍ ഒരു ബുവാസീസിയല്ല ഒരുപാട് ബുവാസീസിമാരുടെ ജീവനുകളാവും എരിഞ്ഞടങ്ങുക.

Related posts

Leave a Comment