രസകരം ടര്‍ക്കി ചരിതം! ലോകത്തിലെ ഏറ്റവും വലിപ്പവും ഭാരവുമുണ്ടായിരുന്ന ആണ്‍ടര്‍ക്കിയായിരുന്നു സ്പ്രിംഗ് ഗോബ്‌ളര്‍…

turkeyലോകത്തിലെ ഏറ്റവും വലിപ്പവും ഭാരവുമുണ്ടായിരുന്ന ആണ്‍ടര്‍ക്കി സ്പ്രിംഗ് ഗോബ്‌ളര്‍ ആയിരുന്നു. 2015 ഏപ്രില്‍ 21-ന് ലിയോണ്‍ കൗണ്ടിയിലെ ഒരു പക്ഷിഫാമില്‍വച്ചാണ് അതു ചത്തത്. 37.6 പൗണ്ടായിരുന്നു ആ ടര്‍ക്കിഭീമന്റെ ഭാരം. ടര്‍ക്കികോഴിയുടെ ശാസ്ത്രീയനാമം ‘Meleagris gallopavo’ എന്നാണ്. പതിനാറാം നൂറ്റാണ്ടില്‍ മെക്‌സിക്കോയില്‍നിന്ന് യൂറോപ്പിലേക്ക് വളര്‍ത്താന്‍ കൊണ്ടുവന്ന വൈല്‍ഡ് ടര്‍ക്കികളുടെ പിന്‍തലമുറയില്‍പ്പെട്ടവയാണ് ഇന്ന് ലോകമെമ്പാടും കണ്ടുവരുന്ന ടര്‍ക്കിക്കോഴികള്‍ എന്നത്രേ വിശ്വാസം. ബഞ്ചമിന്‍ ഫ്രാങ്ക്‌ളിനാണ് അമേരിക്കന്‍ ദേശീയ പക്ഷിയായി ഇതിന്റെ പേര് നാമനിര്‍ദേശം ചെയ്തത്. ഹവായി, യൂറോപ്പ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ടര്‍ക്കികോഴികളെ കണ്ടുവരുന്നു.

പുല്‍പ്രദേശങ്ങളിലും നദീതീരങ്ങളിലും ഇരപിടിക്കാന്‍ താത്പര്യം കാട്ടുന്ന വൈല്‍ഡ് ടര്‍ക്കിയുടെ പ്രധാന ഭക്ഷണം കായ്കനികള്‍, ധാന്യമണികള്‍, പുല്‍നാമ്പുകള്‍, പയര്‍വര്‍ഗങ്ങള്‍, ചെറുപ്രാണികള്‍, പഴങ്ങള്‍ എന്നിവയാണ്. ഭാവഭേദങ്ങള്‍ക്ക് അനുസരിച്ച് നിറംമാറാനുള്ള കഴിവ് ഇതിന്റെ പ്രത്യേകതയാണ്. എതിരാളിയോട് പോരാടുമ്പോള്‍ തലയുടെ നിറം കടുംചുവപ്പായി മാറും. ആണ്‍പക്ഷിക്ക് പെണ്‍പക്ഷിയെക്കാള്‍ വലിപ്പമുണ്ടായിരിക്കും. തൂവലുകള്‍ക്ക് വൈവിധ്യമാര്‍ന്ന നിറമാകും ഉണ്ടാവുക. വാലിന് ഫാനിന്റെ രൂപമായിരിക്കും. 5000 മുതല്‍ 6000 വരെ തൂവലുകള്‍ ശരീരത്തില്‍ ഉണ്ടായിരിക്കും. വാലിലെ തൂവലുകള്‍ക്ക് എല്ലാം പക്ഷേ ഒരേ നീളമായിരിക്കും. ആണ്‍ടര്‍ക്കിക്ക് അഞ്ചുമുതല്‍ 11 കിലോഗ്രാം വരെ ഭാരംവരുമ്പോള്‍ പെണ്‍പക്ഷിക്ക് രണ്ടര മുതല്‍ അഞ്ചര കിലോഗ്രാം വരെ തൂക്കം ഉണ്ടായിരിക്കും.

നാഷണല്‍ വൈല്‍ഡ് ടര്‍ക്കി ഫെഡറേഷന്റെ വെളിപ്പെടുത്തലനുസരിച്ച് ഏറ്റവും ഭാരമേറിയ പെണ്‍ വൈല്‍ഡ് ടര്‍ക്കി 17 കിലോഗ്രാം ഭാരം ഉള്ളതായിരുന്നു. ഇര തേടാന്‍ ചെറിയ വൃക്ഷങ്ങളില്‍ ഇവ ചാടിക്കയറും. ആണ്‍ടര്‍ക്കിയുടെ ശബ്ദം ഒന്നരകിലോമീറ്റര്‍ ദൂരത്തില്‍ കേള്‍ക്കാന്‍ കഴിയും. തൂവലുകള്‍ കൂര്‍പ്പിച്ച് വാലുകള്‍ വിടര്‍ത്തി ചിറകുകള്‍ വീശിയാണ് ആണ്‍ടര്‍ക്കികള്‍ ഇണയെ ആകര്‍ഷിക്കുക. ഒന്നിലേറെ പെണ്‍ടര്‍ക്കികളുമായി ആണ്‍ടര്‍ക്കികള്‍ ഇണചേരും. നാലുമുതല്‍ 17 വരെ മുട്ടകള്‍ ഇടും. കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള ഉത്തരവാദിത്വം പെണ്‍ടര്‍ക്കിക്കാണ്.

ജോര്‍ജ് മാത്യു പുതുപ്പള്ളി

Related posts